സ്വപ്നയുടെ ഫ്ലാറ്റിൽ പോയത് ജോലിയുടെ ഭാഗമായുള്ള മാനസികസമ്മർദം കുറയ്ക്കാൻ: എം.ശിവശങ്കർ

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ എൻഐഎ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ സംബന്ധിച്ച് ശിവശങ്കർ പറഞ്ഞ ചില വിവരങ്ങൾ ഇപ്പോൽ പുറത്തുവരുന്നുണ്ട്. സ്വപ്നയുടെ ഫ്ലാറ്റിൽ എന്തിന് സന്ദർശനം നടത്തിയ എൻഐഎയുടെ ചോദ്യത്തിന് അദ്ദേഹം വളരെ വി​ഗദ്​ഗമായാണ് മറുപടി നൽകിയത്. ജോലിയുടെ ഭാഗമായുള്ള മാനസികസമ്മർദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്ലാറ്റിലെ പാർട്ടികളിൽ പങ്കെടുത്തിരുന്നതെന്നാണ് അദ്ദേഹം എൻഐഎയോട് വെളിപ്പെടുത്തിയത്.

സ്വപ്നയുടെ ഫ്ലാറ്റിൽ തൻ പലപ്പോഴും സന്ദർശനം നടത്തിയിട്ടുണ്ട്. സന്ദർശനം നടത്തുമ്പോൾ സ്വപ്നയുടെ ഭർത്താവും കുട്ടികളും അടുപ്പമുള്ളവരും അവിടെ ഉണ്ടായിരുന്നു. സ്വർണക്കടത്തുകാരുമായി ബന്ധമുള്ളവരാണ് ഇവരെന്ന് മനസിലാക്കാൻ കഴിയാതെ പോയത് വീഴ്ചയാണെന്നും അദ്ദേഹം എൻഐഎയോട് പറഞ്ഞുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കർ എൻഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞു. കസ്റ്റംസിനു മുൻപു നൽകിയ മൊഴികളിൽ ഉറച്ചു നിന്ന ശിവശങ്കർ എൻഐഎ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ശിവശങ്കറിന്റെ വെളിപ്പെടുത്തലുകൾ തൃപ്തികരമാണെന്നാണ് എൻഐഎ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്.

Loading...

സെക്രട്ടേറിയറ്റിനടുത്ത് ഫ്ലാറ്റ് എടുത്തതിനും അദ്ദേഹം വിശദീകരണം നൽകി. ജോലി കഴിഞ്ഞു പലപ്പോഴും അർധരാത്രിയോടെയാണ് ഓഫിസിൽ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്ലാറ്റ് എടുത്തതെന്നാണ് അദ്ദേഹം അന്വേഷണ സംഘത്തോട് പറ‍ഞ്ഞിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കർ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. അതേസമയം ബന്ധുവായതിനാലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്ലാറ്റ് എടുത്തു നൽകാൻ സ്വപ്നയെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ജീവിതത്തിൽ മറ്റു സഹായങ്ങൾ നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. ശിവശങ്കർ അന്വേഷണവുമായി നല്ലരീതിയിൽ സഹകരിക്കുന്നുണ്ടെന്നും സംശയങ്ങൾക്കിടനൽകാത്ത രീതിയിൽ വ്യക്തമായ മറുപടി നൽകിയെന്നുമാണ് എൻഐഎ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തന്നെ കേസിൽ കുടുക്കാൻ നീക്കം നടക്കുന്നതായി പറഞ്ഞ ശിവശങ്കർ വ്യക്തിജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഉദ്യോഗസ്ഥരോട് വിഷമത്തോടെ വെളിപ്പെടുത്തി. മദ്യപാനം അടക്കമുള്ള ശീലങ്ങൾ പ്രതികൾ മുതലെടുത്തതായാണ് ശിവശങ്കർ പറഞ്ഞത്.