സ്വര്‍ണക്കടത്ത്എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി

തിരുവനന്തപുരം:കേരളത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതിനോടൊപ്പം തന്നെ കൂടുതല്‍ ഉന്നതര്‍ക്കെതിരെയും നടപടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റിയിരിക്കുകയാണ്.പകരം മിര്‍ മുഹമ്മദ് ഐഎഎസിനാണ് ചുമതല നല്‍കിയിരിക്കുന്നത്.അതേസമയം ശിവശങ്കര്‍ ഐടി സെക്രട്ടറിയായി തുടരും.സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റും എന്ന തരത്തിലുള്ള സൂചനകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.അതേസമയം തന്നെ സ്വര്‍ണക്കടത്തില്‍ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തില്‍ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

സ്വപ്നയ്ക്കായി തെരച്ചില്‍ തുടരുകയാണ്. കള്ളക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. കോണ്‍സുലേറ്റ് പിആര്‍ഒയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സരിത് തട്ടിപ്പിനായി ഉപയോഗിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. 15 കോടിയുടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം ഉന്നതതലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് രാവിലെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സരിത്തിനെ കൂടാതെ സ്വപ്ന ഉള്‍പ്പടെയുള്ള അഞ്ച് പ്രതികളെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.

Loading...

കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാര്‍ഗോയിലാണ് 15 കോടിയുടെ സ്വര്‍ണം കണ്ടെത്തിയത്. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ കണ്ടെത്തിയതിനാല്‍ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം. അതേ സമയം സ്വര്‍ണ്ണക്കടത്തില്‍ ആരോപണങ്ങളെല്ലാം യുഎഇ കോണ്‍സുലേറ്റ് നിഷേധിച്ചു. ദുബായില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ മാത്രമാണ് എത്തിക്കാനാണ് ഓര്‍ഡര്‍ നല്‍കിയിരുന്നതെന്നും കോണ്‍സുലേറ്റ് കസ്റ്റംസിനെ അറിയിച്ചു.