കൂറുമാറാന്‍ സാക്ഷിക്ക് രണ്ട് ലക്ഷം രൂപ വാഗ്ദ്ധാനം ചെയ്തു; ആരോപണവുമായി മധുവിന്റെ കുടുംബം

പാലക്കാട്:2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകന്‍ മധുവിനെ (30) മോഷണക്കുറ്റം ആരോപിച്ച്‌ നാട്ടുകാര്‍ പിടികൂടിയത്. മുക്കാലി മേഖലയിലെ കടകളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന പേരിലാണ് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്.

മധു കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കുടുംബം. പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് മധുവിന്റെ സഹോദരി സരസു ആരോപിച്ചു.കേസില്‍ നിന്ന് പിന്മാറാന്‍ സാക്ഷിക്ക് രണ്ട് ലക്ഷം രൂപ വാഗ്ദ്ധാനം ചെയ്‌തെന്നാണ് ആരോപണം.

Loading...

കേസ് ഒതുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതായി സംശയമുണ്ടെന്നും, മുഖം മൂടിയിട്ട രണ്ടുപേര്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയെന്നും സരസു പറഞ്ഞു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. പബ്ലിക് പ്രോസിക്യൂട്ടറെ ഉടന്‍ തീരുമാനിക്കുമെന്നും കുടുംബം വ്യക്തമാക്കി.

കേസില്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ഇന്നലെ അറിയിച്ചിരുന്നു. മധുവിന്റെ കുടുംബത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്തിട്ടായിരിക്കും പ്രോസിക്യൂട്ടറെ നിയമിക്കുകയെന്നും, ബന്ധുക്കളോട് മൂന്ന് അഭിഭാഷകരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.