ഒരാളെ ബലാത്സംഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്താണ്… ഈ റേപ്പിസ്റ്റുകളുടെ മനസ്സിലെന്ത്

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ബലാത്സംഗ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ മനോഗതങ്ങളിലൂടെ ഒരു അന്വേഷണ യാത്ര ലക്ഷ്യമിട്ടിറങ്ങിയ ഗവേഷകയായ മധുമിത പാണ്ഡേയുടെ അനുഭവമാണ് ഇത്.

ഇന്ത്യയില്‍ സ്ത്രീ സുരക്ഷക്ക് മുന്നില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ന്ന ‘നിര്‍ഭയ’ കേസാണ് ഗവേഷണം ആ വഴിക്ക് തിരിച്ചുവിടാന്‍ ഗവേഷകയെ പ്രേരിപ്പിച്ചത്. 2013ല്‍ രാജ്യമൊന്നടങ്കം ഒരു നിര്‍ഭയ പ്രക്ഷോഭം ഏറ്റെടുത്തപ്പോള്‍ മധുമിതക്ക് മുന്നില്‍ അതില്‍ കവിഞ്ഞ വിഷയങ്ങള്‍ ഒന്നുമില്ലായിരുന്നു. മനുഷ്യന് ചെയ്യാന്‍ സാധിക്കുമെന്ന് വിശ്വസിക്കാനാവാത്ത ക്രൂരകൃത്യം എങ്ങനെ ഈ കുറ്റവാളികള്‍ ചെയ്യുന്നുവെന്നതാണ് ഗവേഷകയില്‍ ആദ്യം ഉയര്‍ന്ന ചോദ്യങ്ങളില്‍ ഒന്ന്. തീരെ സ്ത്രീ സൗഹൃദമല്ലാത്ത രാജ്യമായി ജി20 രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യ മാറിയതും നിര്‍ഭയ കേസിന്റെ കാലഘട്ടത്തിലായിരുന്നു.

Loading...

സ്ത്രീപീഡനങ്ങളുടെ ലോകതലസ്ഥാനം എന്ന രീതിയിലേക്ക് വളരുന്ന ഇന്ത്യയെ ആണ് 2015ലെ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ കാണാന്‍ കഴിയുന്നത്. ആ വര്‍ഷം 34,651 സ്ത്രീകള്‍ രാജ്യത്ത് ബലാത്സംഗത്തിന് ഇരയായി. കൊടുംകുറ്റവാളികളുടെ സാന്നിധ്യത്താല്‍ കുപ്രസിദ്ധമായ തീഹാര്‍ ജയിലിലേക്ക് മധുമിത കയറിച്ചെല്ലുമ്പോള്‍ പ്രായം 22. സ്ത്രീത്വത്തെ പിച്ചിച്ചീന്തിയതിന് അഴിക്കുള്ളിലായവര്‍ പറയുന്നതും അവരുടെ മാനസികാവസ്ഥയും വായിച്ചെടുക്കാന്‍ പര്യാപ്തമായ കൂടിക്കാഴ്ചയായിരുന്നു ലക്ഷ്യം.

മൂന്ന് വര്‍ഷം കൊണ്ട് നൂറിലധികം പ്രതികളുമായി സംസാരിച്ചു. ഭൂരിഭാഗം പേരും വിദ്യാഭ്യാസം ഇല്ലാത്തവര്‍ ആയിരുന്നു. ചിലര്‍ മൂന്നിലോ നാലിലോ പഠനം നിര്‍ത്തിയവര്‍. സാധാരണക്കാരായ ഈ കുറ്റവാളികള്‍ പക്ഷെ ചെകുത്താന്‍മാരാണെന്നാണ് മധുമിത പറയുന്നത്. അവര്‍ ചെയ്തുകൂട്ടിയത് ഒട്ടേറെ ചിന്തിക്കാനുള്ളതാണ്. പതിവ് സ്ത്രീ വിരുദ്ധ വര്‍ത്തമാനങ്ങള്‍ തന്നെയാണ് ഈ കുറ്റവാളികളില്‍ ചിലര്‍ ആവര്‍ത്തിക്കുന്നത്. ചെയ്ത കുറ്റംപോലും മറന്ന് സ്വന്തം ഭാഗം ന്യായീകരിക്കാനുള്ള വ്യഗ്രതയും സാമര്‍ഥ്യവും അവരില്‍ മധുമിത കണ്ടു. എന്തിനാണ് ബലാത്സംഗം ചെയ്തത് എന്ന് പോലും ഇവര്‍ക്ക് അറിയില്ല. സ്ത്രീയുടെ ‘സമ്മതം’ ‘അനുമതി’ എന്നിവയൊന്നും അവര്‍ക്ക് അറിയില്ലെന്നാണ് ഗവേഷക പറയുന്നത്.

‘അവളെ ഇനി ആരും വിവാഹം കഴിക്കില്ല, അതുകൊണ്ട് ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ആ കുട്ടിയെ ഞാന്‍ വിവാഹം കഴിക്കാം’ പീഡനകേസില്‍ ജയലില്‍ കഴിയുന്ന തടവുകാരന്റെ വാക്കുകള്‍ കേട്ട് മധുമിത പാണ്ഡേ എന്ന ഗവേഷക ഞെട്ടി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത്തരത്തിലുളള ഞെട്ടിപ്പിക്കുന്ന തുറന്നു പറച്ചിലുകളിലൂടെയാണ് മധുമിത എന്ന യുവഗവേഷകയുടെ സഞ്ചാരം.

ബലാത്സംഗം ചെയ്‌തെന്ന് പോലും സമ്മതിക്കാന്‍ ഇവരില്‍ പലരും തയാറാല്ല. മൂന്നോ നാലോ പേര്‍ക്ക് പശ്ചാത്താപമുള്ളത്. ബാക്കിയുള്ളവര്‍ സ്വയം ന്യായീകരിക്കാനോ, തെറ്റല്ലെന്ന് വരുത്തി തീര്‍ക്കാനോ, കുറ്റം ഇരയുടെ തലയില്‍ കെട്ടി വെയ്ക്കാനുള്ള വഴികളോ തേടുന്നവരാണ്. ഇത് ചൂണ്ടിക്കാട്ടാനായി അഞ്ച് വയസുള്ള കുട്ടിയെ പീഡിപ്പിച്ചയാളുമായുള്ള അഭിമുഖം മധുമതി എടുത്ത് ഉദ്ദരിക്കുന്നുണ്ട്.

പല സ്ത്രീകളും ഭര്‍ത്താക്കന്‍മാരുടെ പേര് പോലും പറയാന്‍ ധൈര്യപ്പെടുന്നില്ല. ചില സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം അന്വേഷിച്ചതായും മധുമിത പറയുന്നു. അമ്മ, ഭര്‍ത്താവിനെ അഭിസംബോധന ചെയ്യുന്നത് എങ്ങനെയാണെന്നായിരുന്നു അന്വേഷിച്ചത്. ‘കുട്ടികളുടെ അച്ഛനെന്നോ’, ‘കേള്‍ക്കൂ’ എന്നെക്കൊയാണ് ഭര്‍ത്താവിനെ ഇവര്‍ അഭിസംബോധന ചെയ്യുന്നത്.