നീതികിട്ടിയിട്ടില്ല ; ശിക്ഷ തൃപ്തികരമല്ലെന്ന് മധുവിന്റെ കുടുംബം ; അപ്പീല്‍ നല്‍കും

അട്ടപ്പാടി ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ ശിക്ഷ തൃപ്തികരമല്ലെന്ന് കുടുംബം. മധുവിന് നീതി കിട്ടിയിട്ടില്ലെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അമ്മയും സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞു. കൂറുമാറിയവര്‍ക്കെതിരെ ഉള്‍പ്പെടെ നടപടിക്കായി പോരാട്ടം തുടരും. സര്‍ക്കാര്‍ സഹായം വേണമെന്നും പ്രൊസിക്യൂട്ടര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെടുമെന്നും സഹോദരി പറഞ്ഞു.

കേസിൽ 13 പ്രതികള്‍ക്ക് 7 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 16–ാം പ്രതിക്ക് മൂന്നു മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുകയില്‍ 50 ശതമാനം മധുവിന്റെ അമ്മയ്ക്കും ബാക്കി മധുവിന്റെ സഹോദരിമാര്‍ക്കും നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കുന്നു. മണ്ണാര്‍ക്കാട്ടെ പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് വിധി പറഞ്ഞത്.

Loading...

കേസിലെ പതിനാല് പ്രതികൾ കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി കോടതി കണ്ടെത്തിയിരുന്നു. പതിമൂന്ന് പ്രതികൾക്കെതിരെയാണ് നരഹത്യ കുറ്റം തെളിഞ്ഞത്. അന്യായമായി സംഘം ചേരൽ, പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളും ഇവർക്കെതിരെ തെളിഞ്ഞു.

ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ധിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.