മദ്ധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവ് ബ്രിജ് ബിഹാരി പതേരിയയും സംഘവും ബിജെപിയിൽ ചേർന്നു

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ ബ്രിജ് ബിഹാരി പതേരിയ ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിദ്ധ്യത്തിലായിരുന്നു പതേരിയയുടെ ബിജെപി പ്രവേശനം. ഡൽഹിയിൽ ഭാരത് ജോഡോ യാത്ര ഗംഭീരമായി തുടരുന്നതിനിടെയാണ് മദ്ധ്യപ്രദേശിൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ടത്.

ബ്രിജ് ബിഹാരി പതേരിയയുടെ ബിജെപി പ്രവേശനം കോൺഗ്രസിന് അടുത്തയിടെ ലഭിച്ച കനത്ത തിരിച്ചടികളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിലെ വലിയ സ്വാധീനശക്തിയുള്ള നേതാവാണ് ബ്രിജ് ബിഹാരി പതേരിയ. പതേരിയയുടെ രാഷ്‌ട്രീയ അനുഭവസമ്പത്ത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മദ്ധ്യപ്രദേശ് നഗരവികസന വകുപ്പ് മന്ത്രി ഭൂപേന്ദ്ര സിംഗ് വ്യക്തമാക്കി.

Loading...

1998ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എം എൽ എ ആയ നേതാവാണ് ബ്രിജ് ബിഹാരി പതേരിയ. പതേരിയക്കൊപ്പം അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ നിരവധി പേരും വരും ദിവസങ്ങളിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്നാണ് വിവരം.

പതേരിയയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് ഗോവിന്ദ് സിംഗ് രാജ്പുത്, ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം അണികളെയും കൂട്ടി ബിജെപിയിൽ എത്തിയത് സാഗറിൽ കോൺഗ്രസിനെ വലിയ തോതിൽ ക്ഷീണിപ്പിച്ചിരുന്നു.