മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും പേരിലുള്ള സ്ഥലം വനഭൂമിയല്ല; ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: നടന്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും പേരിലുള്ള സ്ഥലം വനഭൂമിയായി പ്രഖ്യാപിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചെന്നൈയ്‌ക്കടുത്തുള്ള ചെങ്കല്‍പ്പെട്ടില്‍ ഇരുവരുടെയും പേരിലുള്ള 40 ഏക്കര്‍ സ്ഥലമാണ് തര്‍ക്കത്തില്‍ കിടന്നത്.

ഈ പ്രദേശത്തെ 2007ലാണ് തമിഴ്‌നാട് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചത്. ഉത്തരവിനെതിരെ അതേ വര്‍ഷം തന്നെ മമ്മൂട്ടി അനുകൂല വിധി ഹൈക്കോടതിയില്‍ നിന്നും നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഭൂമി പിടിച്ചെടുക്കാന്‍ നീക്കം തുടങ്ങിയതോടെയാണ് മമ്മൂട്ടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

Loading...

ഹര്‍ജി ആഗസ്റ്റില്‍ പരിഗണനയ്‌ക്കെടുത്തപ്പോള്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ നിറുത്തി വയ്‌ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും കേസ് പരിഗണിക്കവെയാണ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പൂര്‍ണമായും റദ്ദാക്കി ജസ്റ്റിസ് ഇളന്തിരിയന്‍ ഉത്തരവിട്ടത്.

അതേസമയം, മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വിശദീകരണം കേട്ട ശേഷം കമ്മിഷണര്‍ ഒഫ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന് 12 ആഴ്‌ചയ്‌ക്കുള്ളില്‍ പുതിയ ഉത്തരവിറക്കാമെന്നും കോടതി വ്യക്തമാക്കി. 1997ല്‍ കപാലി പിള്ള എന്നയാളില്‍ നിന്നായിരുന്നു മമ്മൂട്ടി സ്ഥലം വാങ്ങിയത്.