പതിനൊന്നുകാരനുമായി മദ്രസയ്ക്കുള്ളിൽ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം; മലപ്പുറത്ത് മറ്റൊരു മദ്രസ അധ്യാപകൻ കൂടി അറസ്റ്റിൽ

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും മദ്രസ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെ്യതു. മലപ്പുറം തിരൂരിലാണ് സംഭവം. പതിനൊന്നു കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലാണ് പോത്തന്നൂര്‍ സ്വദേശി അലി അറസ്റ്റിലായത്. ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരുടെ പരാതിയിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.

തിരൂര്‍ പുല്ലൂര്‍ ബദറുല്‍ ഹുദാ സുന്നി മദ്രസയിലെ അധ്യാപകനാണ് അലി. ഈ മദ്രസയിലെ വിദ്യാര്‍ത്ഥിയായ പതിനൊന്നുകാരനെ പല തവണയായി ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് അലിക്കെതിരെയുള്ള കേസ്. അമ്മക്ക് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തിയ അലിയോട് കുട്ടിയെ കാര്യമായി ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞിരുന്നു.

ഈ കാര്യം പറഞ്ഞ് ഇയാള്‍ പലപ്പോഴായി കുട്ടിയ മദ്രസയിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എതിര്‍ത്തപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തു. സഹികെട്ട കുട്ടി അമ്മയെ വിവരം ധരിപ്പിക്കുകയായിരുന്നു. അമ്മ അറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ മദ്രസയില്‍ കൊണ്ടുപോയി പൊലീസ് തെളിവെടുത്തു. തിരൂര്‍ പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.