ന്യൂഡല്‍ഹി: ലെഡിന്റെയും എംഎസ്ജിയുടെയും അളവിന്റെ പേരില്‍ വിവാദത്തിലായ മാഗി ന്യൂല്‍ഡില്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ വില്‍പന നിര്‍ത്തിയെന്ന് ഉല്‍പാദകരായ നെസ്‌ലെ അറിയിച്ചു. മാഗി നൂഡില്‍സ് രാജ്യവ്യാപകമായി നിരോധിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി റാംവിലാസ് പാസ്വാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണു രാത്രി വൈകി നെസ്‌ലെ പത്രക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. ആരോഗ്യത്തിനു ഹാനികരമായ പദാര്‍ഥങ്ങള്‍ ഉണ്ടെന്ന കാരണത്താല്‍ തമിഴ്‌നാട്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കശ്മീര്‍ സംസ്ഥാനങ്ങള്‍ മാഗി നൂഡില്‍സ് നിരോധിച്ച് ഉത്തരവിറക്കിയിരുന്നു.

മാഗി 2 മിനിറ്റ്‌സ് നൂഡില്‍സ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതല്ല. എന്നാല്‍, ഇപ്പോഴത്തെ ദൗര്‍ഭാഗ്യ സാഹചര്യത്തില്‍ തല്‍ക്കാലം ഇന്ത്യന്‍ വിപണിയില്‍നിന്നു മാഗി നൂഡില്‍സ് പിന്‍വലിക്കുകയാണ്. നിലവിലെ ആശങ്ക പരിഹരിച്ചശേഷമേ മാഗി ന്യൂഡില്‍സ് മാര്‍ക്കറ്റില്‍ എത്തിക്കുകയുള്ളു. 30 വര്‍ഷമായി ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഇടയില്‍ നേടിയ വിശ്വാസ്യത വലുതാണെന്നാണ് കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഗുണമേന്മ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തി വൈകാതെ വിപണിയില്‍ തിരിച്ചെത്തുമെന്നും നെസ്‌ലെ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ, ഗുണമേന്മാ അതോറിറ്റി (എഫ്എസ്എസ്എഐ) നടത്തുന്ന പരിശോധനയ്ക്കു ശേഷം മാത്രമേ മാഗി നൂഡില്‍സ് നിരോധന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിനിടെ, മാഗിക്കു പുറമെയുള്ള മറ്റു കമ്പനികളുടെ നൂഡില്‍സും പരിശോധിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപടിയാരംഭിച്ചു. ഒന്‍പതു കമ്പനികളുടെ നൂഡില്‍സ് ഇന്നലെ വിശദ പരിശോധനയ്ക്കു വിട്ടു.

Loading...

ഛത്തീസ്ഗഡില്‍ റായ്പൂരിലെ നെസ്‌ലെ ഇന്ത്യ ഗോഡൗണില്‍ റെയ്ഡ് നടത്തി. മഹാരാഷ്ട്ര, കര്‍ണാടക, ബംഗാള്‍, തെലങ്കാന, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ്, അസം സര്‍ക്കാരുകള്‍ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ മാഗിക്കു പുറമേ വായ് വായ് എക്‌സ്പ്രസ്, റിലയന്‍സ് സെലക്ട്, സ്മിത്ത് ആന്‍ഡ് ജോണ്‍സ് ചിക്കന്‍ മസാല എന്നീ കമ്പനികളുടെ നൂഡില്‍സും മൂന്നു മാസത്തേക്കു നിരോധിച്ചു. ആഗോള വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ടും മാഗി വില്‍പന നിര്‍ത്തി. സൈനിക കാന്റീനുകളില്‍ മാഗിയുടെ വില്പന നിര്‍ത്തിയതായി കരസേനാവൃത്തങ്ങള്‍ അറിയിച്ചു. സൈനികര്‍ മാഗി ഒഴിവാക്കണമെന്നും കരസേന നിര്‍ദേശം നല്‍കിയിരുന്നു.