മഹ എത്തുന്നു… മഹാരാഷ്ട്രാ തീരത്ത് ജാഗ്രത, വീണ്ടും മഴ കനക്കും

മുംബൈ: മഹ ചുഴലിക്കാറ്റ് നവംബർ ഏഴിന് ഗുജറാത്ത് തീരത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ കൊങ്കൺ തീരത്തും മധ്യ മഹാരാഷ്ട്രയിലും മറാത്ത്വാഡയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.

മഹാരാഷ്ട്ര ചീഫ് സെക്രട്ടറി അജോയ് മേത്ത സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. താനെ, പാൽഗഢ് ജില്ലകളിലെ മത്സ്യത്തൊഴിലാളികൾ മൂന്ന് ദിവസത്തേക്ക് കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയവർ തിരിച്ചെത്തണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Loading...

പാൽഗഢ് ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും മൂന്നു ദിവസം അവധി നൽകി. മഹ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്.

മഹാ ചുഴലിക്കാറ്റ് കേരളത്തിൽ കനത്തനാശം വിതച്ചാണ് മടങ്ങിയത്.

വ്യാഴാഴ്ച കേരളത്തിൽ പലയിടത്തും കടൽക്ഷോഭമുണ്ടായി. തൃശ്ശൂരിലെ ചേറ്റുവയിൽനിന്ന് മീൻപിടിക്കാൻ കടലിൽപ്പോയ ആറു തൊഴിലാളികളിൽ അഞ്ചുപേരെ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കരയ്ക്കെത്തിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് പൊന്നാനി ഭാഗത്ത് ഉൾക്കടലിലാണ് ശക്തമായ കാറ്റിൽപ്പെട്ട് മുങ്ങിയത്.

ഫോർട്ടുകൊച്ചി പ്രദേശത്ത് 40 മീൻപിടിത്ത വള്ളങ്ങൾ തകർന്നു. 33 വള്ളങ്ങളുടെ വലകൾ നഷ്ടപ്പെട്ടു. പറവൂർ ഗോതുരുത്തിൽ ജിബിൻ ജോസഫ് (21) പുഴയിൽ മുങ്ങിമരിച്ചു. പലയിടങ്ങളിലും വെള്ളം കയറിയതിനെത്തുടർന്ന് ജില്ലയിൽ ഏഴു ക്യാമ്പുകൾ തുടങ്ങി. 1338 പേരെ ക്യാമ്പിലേക്കു മാറ്റി.

തൃശ്ശൂർ കൊടുങ്ങല്ലൂരിൽ നാലു വീടുകൾ പൂർണമായി തകർന്നു. കൊടുങ്ങല്ലൂർ, ചാവക്കാട്, വാടാനപ്പള്ളി, കയ്പമംഗലം, പുന്നയൂർക്കുളം എന്നിവിടങ്ങളിലെ തീരദേശങ്ങളിൽ ആയിരക്കണക്കിന് വീടുകളാണ് വെള്ളക്കെട്ടിലായത്.

ഇടുക്കി ഉപ്പുതറ കണ്ണംപടി വനമേഖലയിലെ മേമാരി ആദിവാസി കുടിയിൽ ആൽമരം കടപുഴകി കുടിലിനു മുകളിൽ വീണ് ഈട്ടിക്കൽ മനോഹരന്റെ മകൾ ഗീതു (നാലു മാസം) മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

കോഴിക്കോട് ജില്ലയിലെ തീരദേശത്ത് വ്യാപക കടലാക്രമണമുണ്ടായി. ഒട്ടേറെപ്പേരെ മാറ്റിപ്പാർപ്പിച്ചു. വടകര അഴിത്തലയിൽനിന്നു മീൻപിടിക്കാൻ പോയ ഫൈബർ വള്ളം തിരിച്ചെത്തിയില്ല. ബുധനാഴ്ച വൈകീട്ട് കാറാഞ്ചേരി അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള ‘തൗഫീഖ്’ എന്ന വള്ളത്തിൽ പോയവരാണ് തിരിച്ചെത്താത്തത്. രക്ഷാപ്രവർത്തനത്തിന് നാവികസേനയുടെ സഹായം തേടി.

2019 നവംബർ 1 ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം പുറപ്പെടുവിച്ച ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം നിലവിൽ 15.2°N അക്ഷാംശത്തിലും 70.5°E രേഖാംശത്തിലും ഗുജറാത്തിലെ വെരാവൽ തീരത്ത് നിന്ന് 640 കിമീ ദൂരത്തിലും കർണാടകയിലെ മംഗലാപുരത്ത് നിന്ന് വടക്ക്-പടിഞ്ഞാറായി 530 കിമീ ദൂരത്തിലും ഗോവയിൽ നിന്ന് തെക്ക് പടിഞ്ഞാറായി 350 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

അടുത്ത 24 മണിക്കൂറിലും വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരക്കുമെന്ന് കണക്കാക്കുന്നു.

ശക്തമായ ചുഴലിക്കാറ്റ് (Severe Cyclonic Storm) എന്നത് സിസ്റ്റത്തിലെ കാറ്റിൻറെ പരമാവധി വേഗത 90 കിമീ മുതൽ 117 കിമീ വരെയുള്ള ഘട്ടമാണ്. അടുത്ത 24 മണിക്കൂറിൽ മഹ ചുഴലിക്കാറ്റ് മധ്യ-കിഴക്കൻ അറബിക്കടലിൽ കൂടുതൽ കരുത്ത് പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റ് (Very Severe Cyclonic Storm- കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 118 മുതൽ 166 കിമീ വരെ) ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

മഹാചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ നിന്ന് കേരളം ഒഴിവായിരിക്കുന്നു.