മഹാരാഷ്ട്രയ്ക്ക് രോഗവ്യാപനം തടയാനാകുന്നില്ല;കേരളത്തെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍

ദില്ലി: കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന് മഹാരാഷ്ട്ര ബിജെപിയുടെ പ്രശംസ. മഹാരാഷ്ട്ര സര്‍ക്കാരിന് രോഗവ്യാപനം തടയാനാകുന്നില്ല. എന്നാല്‍ കേരളത്തില്‍ രോഗികളുടെ എണ്ണം 1000ത്തില്‍ താഴെയാണെന്നും മരണസംഖ്യ കുറവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.കേരളത്തിലെ ബിജെപി ഇനിയും പ്രശംസിക്കാന്‍ തയ്യാറാകാത്ത കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡലിനെ അംഗീകരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി. കൊവിഡ് എത്രത്തോളം ഭീകരമാണെന്ന യാഥാര്‍ഥ്യം ഇന്ന് ഏറ്റവും നന്നായി അറിയുന്ന മഹാരാഷ്ട്രക്കാര്‍ക്ക് കേരളത്തിന്റെ ഈ നേട്ടത്തെ അംഗീകരിക്കാതെ മറ്റ് നിര്‍വാഹമില്ല.

മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷന്‍ തന്നെയാണ് ഇതിന്റെ ഉദാഹരണം. സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞത്. മാര്‍ച്ച് ഒമ്പതിനാണ് മഹാരാഷ്ട്രയില്‍ ആദ്യ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 70 ദിവസം കഴിയുമ്പോള്‍ രോഗികളുടെ എണ്ണം 40000ത്തിനടുത്തെത്തി. 1300 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം കേരളത്തില്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ കേസ് മാര്‍ച്ച് ഒമ്പതിന് റിപ്പോര്‍ട്ട് ചെയ്തു.

Loading...

70 ദിവസം പിന്നിടുമ്പോള്‍ രോഗികള്‍ 1000ത്തില്‍ താഴെയാണെന്ന് ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. മരണങ്ങള്‍ പത്തിലും കുറവാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് നേരിടുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പൂര്‍ണ പരാജയമായെന്ന് കുറ്റപ്പെടുത്തിയ പാട്ടീല്‍ മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാറിനെതിരെ മെയ് 22ന് സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കൊവിഡ് പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാരിന് പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കി. എന്നിട്ടും രോഗവ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പരാജപ്പെട്ടയതായും പാട്ടീല്‍ കുറ്റപ്പെടുത്തി.