കർഷകർക്ക് വായ്പ നൽകിയില്ല; എസ്ബിഐയ്ക്ക് കളക്ടറുടെ വക മുട്ടന്‍ പണി

മുംബൈ: കർഷകർക്ക് വായ്പ നൽകുന്നതിൽ വീഴ്ച വരുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരേ കളക്ടറുടെ നടപടി. എസ്.ബി.ഐ. ശാഖകളിൽ സംസ്ഥാന സർക്കാരിനുള്ള അക്കൗണ്ടുകളെല്ലാം റദ്ദാക്കാൻ യവത്മാൽ ജില്ലാ കളക്ടറായ രാജേഷ് ദേശ്‌മുഖ് ഉത്തരവിട്ടു. സംസ്ഥാനത്ത് ഏറ്റവുധികം കർഷക ആത്മഹത്യ നടക്കുന്ന ജില്ലകളിലൊന്നാണ് വിദർഭയിലെ യവത്മാൽ.

ഇതനുസരിച്ച് ഏഴ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. മറ്റ് അക്കൗണ്ടുകളും ഉടനെ മറ്റ് ബാങ്കുകളിലേക്ക് മാറ്റുമെന്ന് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കുകളനുസരിച്ച് 68 കര്‍ഷകരാണ് ഇവിടെ ജീവനൊടുക്കിയത്. കൂടുതല്‍ വായ്പകളും മറ്റ് ആശ്വാസ നടപടികളും ആവിഷ്കരിച്ച് കര്‍ഷകരുടെ ദുരിതം അകറ്റാനുള്ള തീവ്രശ്രമങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. എന്നാല്‍ എസ്.ബി.ഐ ഇതിനോട് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്.

യവത്മാൽ ജില്ലയിൽ ഈ വർഷം 2078 കോടി രൂപയുടെ കാർഷിക വായ്പ വിതരണം ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്. 571 കോടി രൂപയാണ് സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യം നിശ്ചയിച്ചിരുന്നത്. അതിന്റെ പരമാവധി മഴക്കാലമെത്തി വിത തുടങ്ങുന്നതിനുമുമ്പ്‌ നൽകണമെന്നായിരുന്നു നിർദേശം.

എന്നാൽ ജില്ലയിൽ 45 ശാഖകളുള്ള എസ്.ബി.ഐ. 51 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. മറ്റു ബാങ്കുകൾ ഇക്കാര്യത്തിൽ ഏറെ മുന്നോട്ടുപോവുകയും ചെയ്തു. ഇക്കാര്യം എസ്.ബി.ഐ.യിലെ ഉന്നതോഗ്യോഗസ്ഥരുമായി ചർച്ച ചെയ്തെങ്കിലും ഫലമുണ്ടാകാതെ വന്നതിനെത്തുടർന്നാണ് നടപടിയെടുത്തതെന്ന് ദേശ്‌മുഖ് പറഞ്ഞു.

 

 

 

https://youtu.be/KRFW6wrYtxM