കോണ്‍ഗ്രസും പച്ചക്കൊടി കാട്ടി, മഹാരാഷ്ട്രയില്‍ ശിവസേന

ന്യൂഡല്‍ഹി: ഒടുവില്‍ മഹാരാഷ്ട്രയില്‍ ശിവസേന – എന്‍സിപി സര്‍ക്കാരിന് കളമൊരുങ്ങുന്നു. കോണ്‍ഗ്രസ് പച്ചക്കൊടി കാണിച്ചതോടെയാണിത്. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ അനുവദിച്ച സമയം രാത്രി ഏഴരയ്ക്ക് അവസാനിക്കാനിരിക്കെ കഷ്ടിച്ച് ഒരു മണിക്കൂര്‍ ബാക്കിയുള്ളപ്പോഴാണ് കോണ്‍ഗ്രസ് തീരുമാനം വന്നത്. സര്‍ക്കാരിനെ പിന്തുണക്കുന്നതായി അറിയിച്ച് സംസ്ഥാന പിസിസിയാണ് ഗവര്‍ണര്‍ക്ക് ഫാക്‌സ് അയച്ചത്.

ശിവസേനയ്ക്ക് പിന്തുണ നല്‍കണോ എന്നകാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്ന് രണ്ടുതവണ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. അതിനിടെ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രൂപവത്കരണത്തിന് പിന്തുണതേടി സോണിയയുമായി നേരിട്ട് ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.

Loading...

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി ഉദ്ധവ് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തിരക്കിട്ട നീക്കങ്ങള്‍ക്കൊടുവില്‍ രാത്രിയോടെയാണ് ശിവസേന സര്‍ക്കാരിനെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണക്കുമെന്ന വിവരം പുറത്തുവന്നത്. 288 അംഗ മഹാരാഷ്ട്രാ നിയമസഭയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ് 56 എംഎല്‍എമാരുള്ള ശിവസേന. ബിജെപിക്ക് 105 എംഎല്‍എമാരാണുള്ളത്. അതിനിടെ, ആദിത്യ താക്കറെ അടക്കമുള്ള ശിവസേനാ നേതാക്കള്‍ ഗവര്‍ണറെക്കാണാന്‍ രാത്രിയോടെ രാജ്ഭവനില്‍ എത്തിയിട്ടുണ്ട്.

അതേസമയം എന്‍ ഡി എയുമായുള്ള ബന്ധം ശിവസേന അവസാനിപ്പിച്ചിരുന്നു. എന്‍സിപിയുടെ ഉപാധി അംഗീകരിച്ചായിരുന്നു ശിവസേന എന്‍ഡിഎ വിട്ടത്.
നരേന്ദ്രമോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിപദം കൈയാളുന്ന ശിവസേന എംപി അരവിന്ദ് സാവന്ത് ഉടന്‍ രാജിവച്ചു. സഖ്യം രൂപീകരിക്കാന്‍ ശിവസേന എന്‍ഡിഎ വിടണമെന്നായിരുന്നു എന്‍സിപിയുടെ ഉപാധി.’ശിവസേനയുടെ ഭാഗമാണ് ശരി. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ഡല്‍ഹിയില്‍ നില്‍ക്കുന്നത് എന്തിനാണ്? അതിനാല്‍ ഞാന്‍ കേന്ദ്രമന്ത്രിപദം രാജിവയ്ക്കുകയാണ്’ അരവിന്ദ് സാവന്ത് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയും എന്‍സിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും എന്ന ഫോര്‍മുല പരിഗണനയില്‍. മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നെങ്കിലും മുഖ്യമന്ത്രിപദത്തിലേക്ക് ആരുടെയും പേര്‍ ഉയര്‍ത്തികാട്ടിയിരുന്നില്ല. അതേ സമയം, തിങ്കളാഴ്ച 2.30ന് ശിവസേന നേതാക്കള്‍ ഗവര്‍ണറെ കാണും.

സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ കൂടുതല്‍ സമയം അനുവദിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത് എംപി പറഞ്ഞു. ബിജെപിക്ക് ഗവര്‍ണര്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചു. ഞങ്ങള്‍ക്ക് കുറച്ചു സമയം മാത്രമേ അനുവദിച്ചിട്ടുള്ളു. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുള്ള ബിജെപി തന്ത്രമാണതെന്നും സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു.

സര്‍ക്കാരുണ്ടാക്കാനില്ലെന്നു ബിജെപി വ്യക്തമാക്കിയതിനു പിന്നാലെ, ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായ ശിവസേനയെ സര്‍ക്കാരുണ്ടാക്കാനായി ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. ഇന്നു രാത്രി ഏഴരയ്ക്കകം മറുപടി നല്‍കണമെന്ന കത്തു ലഭിച്ചതിനു പിന്നാലെ ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അടിയന്തര പാര്‍ട്ടി യോഗം വിളിച്ചു.

ശിവസേനയ്ക്ക് 56, എന്‍സിപിക്ക് 54 എന്നിങ്ങനെയാണ് അംഗബലം. ഒരുമിച്ചു നിന്നാല്‍ 110 എംഎല്‍എമാരുമായി ബിജെപിയെ (105) മറികടക്കാം. 44 എംഎല്‍എമാരുള്ള കോണ്‍ഗ്രസ് കൂടെ നിന്നാല്‍ ഭൂരിപക്ഷത്തിനു വേണ്ട 145 പേരുടെ പിന്തുണ ഉറപ്പാക്കാം.