മഹാത്മാഗാന്ധി മരിച്ചത് അപകടത്തിലെന്ന് പാഠപുസ്തകത്തില്‍ പരാമര്‍ശം… ട്രിപ്പ് പോയപ്പോഴാണോയെന്ന് സര്‍ക്കാര്‍ പറയണമെന്ന് വിമര്‍ശകര്‍

കട്ടക്ക്: ഗാന്ധിജി മരിച്ചത് അപകടത്തിലാണെന്ന് പറയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ കൈപ്പുസ്തകം ഒഡീഷയില്‍ വിവാദമാകുന്നു. പുസ്തകം അച്ചടിച്ചു വിതരണം ചെയ്തതിന്റെ പേരില്‍ സ്‌റ്റേറ്റ് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിനെതിരേ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ വകുപ്പ് കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ‘ആമ ബാപ്പൂജി: ഏക ഝലക’ എന്ന രണ്ടു പേജ് വരുന്ന കൈപ്പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. 1948 ജനുവരി 30 ന് മഹാത്മാഗാന്ധി അപകടത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് പറയുന്നത്.

Loading...

സ്‌റ്റേറ്റ് സ്‌കൂള്‍ ആന്റ് മാസ് എഡ്യൂക്കേഷനെതിരേ വിദ്യാഭ്യാസമന്ത്രി സമീര്‍ രഞ്ജന്‍ ദാസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഏതു സാഹചര്യത്തിലാണ് ഈ രീതിയില്‍ പരാമര്‍ശം ഉണ്ടായതെന്നും അത്തരം പുസ്തകം പ്രസിദ്ധപ്പെടുത്താനും സാഹചര്യം ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നാഥുറാം വിനായക് ഗോഡ്‌സേയുടെ വെടിയേറ്റ് നടന്ന ഗാന്ധിവധം തെറ്റിദ്ധാരണാജനകമായി അവതരിപ്പിച്ച പുസ്തകം പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാരിനെ പരിഹസിച്ച് പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയതോടെയാണ് പുസ്തകം വിവാദമായത്. പുസ്തകം അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഗോഡ്‌സേ ഭക്തരായിരിക്കാം പുസ്തകം പുറത്തിറക്കിയതെന്നും വിമര്‍ശനമുണ്ട്.

നാഥുറാം വിനായക് ഗോഡ്‌സേ ഗാന്ധിയെ ബലിയാടാക്കി എന്നുള്ളതിന് പകരം ഗാന്ധിജി മരിച്ചത് അപകടത്തില്‍പെട്ടതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തിലാണ് എന്ന രീതിയിലുള്ള കണ്ടെത്തലുകള്‍ പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന വിമര്‍ശനം വ്യാപകമാണ്.

ഗാന്ധിജിയുടെ 150 ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇവര്‍ പറഞ്ഞു. സത്യത്തെ മറയ്ക്കാനുള്ള പരാജയപ്പെട്ട ഒരു ശ്രമം എന്നാണ് ചില വിമര്‍ശനം. ഒഡീഷാ വിദ്യാഭ്യാസ മേഖലയില്‍ കാവിവല്‍ക്കരണവും കോര്‍പ്പറേറ്റ് വല്‍ക്കരണവും സംഭവിക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്നാണ് ചില വിമര്‍ശകര്‍ പറയുന്നത്.

അപകടം എന്നു പറഞ്ഞാല്‍ എന്താണ് വിചാരിക്കുക? റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണോ ഗാന്ധിജി മരിച്ചത്? നാഥുറാം ഗോഡ്‌സേയുടെ തോക്കില്‍ നിന്നുള്ള ബുള്ളറ്റുകള്‍ ഏറ്റാണ് മരണമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേയെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ചോദിക്കുന്നു.

1948 ജനുവരി 30 വെള്ളിയാഴ്ച്ചയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത്. ഡെൽഹിയിലെ ബിർളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ വെച്ച് കൈയ്യെത്തുംദൂരത്ത് വെച്ചാണ് നാഥുറാം വിനായക് ഗോഡ്‌സേ ആ കൊലപാതകം ചെയ്തത്.

സാധാരണയായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖസംഭാഷണത്താൽ അന്ന് വൈകി. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോളാണ് അദ്ദേഹത്തിന്റെ ഊന്നുവടികളെന്ന് അറിയപ്പെട്ടിരുന്ന മനുവും ആഭയും സമയത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്.

ഉടൻതന്നെ സംഭാഷണം നിർത്തി ഗാന്ധിജി പ്രാർത്ഥനയ്ക്കായി പുറപ്പെട്ടു. പ്രാർത്ഥനയ്ക്കായി അനുയായികൾ കാത്തിരിക്കുന്ന പ്രാർത്ഥനാമൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേയ്ക്ക് പോകുവാൻ ഗാന്ധിജി തീരുമാനിച്ചു.

ഈ സമയം ജനങ്ങൾക്കിടയിൽ നിന്നിരുന്ന ഗോഡ്‌സേ പോക്കറ്റിൽ കരുതിയിരുന്ന ബെറെറ്റ പിസ്റ്റൾ ഇരുകൈയ്യുകൾക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു: “നമസ്തേ ഗാന്ധിജി”. ഗാന്ധിജിയുടെ പാദം ചുംബിക്കുവാൻ അയാൾ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സേയെ വിലക്കി.

എന്നാൽ ഇടത് കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റൾ കൊണ്ട് ഗോഡ്സേ മൂന്ന് തവണ വെടിയുതിർത്തു. ഗാന്ധിജിയുടെ നെഞ്ചിൽ തന്നെ മൂന്ന് വെടികളും തുളച്ചുകയറി.