ആഭ്യന്തര കലാപം രൂക്ഷം; മഹിന്ദ രജപക്സെ നാവിക താവളത്തിൽ അഭയം തേടി

ശ്രീലങ്കൻ പ്രധാനമന്ത്രി രാജി വെച്ചിട്ടും ആഭ്യന്തര കലാപം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഭരണകക്ഷി നേതാക്കളുടെ വീടുകൾ കത്തിച്ച് പ്രതിഷേധക്കാർ .ഇതോടെ മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലെ നാവിക താളവത്തിൽ അഭയം തേടിയിരിക്കുകയാണ്. ഹെലികോപ്റ്ററിൽ മഹിന്ദയേയും കുടുംബത്തേയും നാവിക താവളത്തിലെത്തിക്കുകയായിരുന്നു. മഹിന്ദ രാജ്യം വിടാതിരിക്കാനായി പ്രതിഷേധക്കാർ വിമാനത്താവളങ്ങളിൽ തമ്പടിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.അതേസമയം തന്നെ ഇന്നലെ രാത്രി മുഴുവൻ തുടർന്ന അക്രമ സംഭവങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 250 കടന്നു. ഭരണപക്ഷ എംപി അടക്കം അഞ്ചു പേർ കൊല്ലപ്പെട്ട കലാപത്തിൽ കോടികളുടെ പൊതുമുതലാണ് ചാരമായത് എന്നാണ് റിപ്പോർട്ട്.

സ്ഥാനമൊഴിഞ്ഞിട്ടും പ്രധാനമന്ത്രിയിയോടുള്ള കലിയടങ്ങാതെ ജനക്കൂട്ടം മഹിന്ദ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്കു ചുറ്റും തടിച്ചുകൂടി. വീടിന് നേരെ തുടരെ തുടരെ പെട്രോൾ ബോംബുകൾ എറിഞ്ഞ സമരക്കാർ ഏതു നിമിഷവും വസതിക്ക് ഉള്ളിൽ കടക്കുമെന്ന് അവസ്ഥ വന്നതോടെ സൈന്യം വീട് വളഞ്ഞു. വസതിക്ക് ഉള്ളിൽ നിന്ന് സമരക്കാർക്കു നേരെ വെടിവെപ്പ് ഉണ്ടായി. പുലർച്ചെ കനത്ത സൈനിക കാവലിൽ മഹിന്ദ രജപക്‌സെയെ സൈനീക താവളത്തിലേക്ക് മാറ്റിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മഹിന്ദ രാജപക്‌സെയെ ക്രമസമാധാന തകർച്ചയുടെ പേരിൽ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലങ്കയിൽ ശക്തമാണ്.

Loading...