മകരജ്യോതി തെളിഞ്ഞു;പൂങ്കാവനം നിറഞ്ഞ് ശരണമന്ത്രം

ശബരിമല : ഒടുവില്‍ ഭക്തരുടെ കാത്തിരിപ്പിനൊടുവില്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മകരജ്യോതി ദര്‍ശിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഭക്തര്‍. രാവും പകലുമില്ലാതെ ഭക്തര്‍ കാത്തുനിന്നതും ഈയൊരൊറ്റ കാഴ്ചയ്ക്ക് വേണ്ടിയായിരുന്നു. ഭക്തരുടെ കണ്ഠങ്ങളില്‍ ശരണമന്ത്രം നിറഞ്ഞു.തിരുമുഖം, പ്രഭാമണ്ഡലം, വലിയ ചുരിക, ചെറിയ ചുരിക, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, പൂന്തട്ടം,നവരത്‌നമോതിരം, ശരപൊളി മാല, വെളക്കു മാല, മണി മാല, എറുക്കും പൂമാല, കഞ്ചമ്പരം എന്നിവ അണിഞ്ഞ അയ്യപ്പനെ കണ്ട് ഭക്തര്‍ സായുജ്യമടഞ്ഞു.

6.50 നായിരുന്നു ശ്രീകോവിലില്‍ ദീപാരാധന നടന്നത്. ഈ സമയത്ത് പൊന്നമ്പലമേട്ടില്‍ വിളക്ക് തെളിഞ്ഞു. ഇതോടൊപ്പം ആകാശത്ത് മകരജ്യോതി മിന്നിമറഞ്ഞു. ഭക്തജനലക്ഷങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും മകരവിളക്ക് ദര്‍ശനത്തിന് എത്തിയിരുന്നത്. പമ്പ, സന്നിധാനം, പാണ്ടിത്താവളം തുടങ്ങി മകരവിളക്ക് ദര്‍ശനത്തിന് സാധ്യമാകുന്ന സ്ഥലങ്ങളിലെല്ലാം ഭക്തര്‍ നിലയുറപ്പിച്ചിരുന്നു.താപസ ഭാവത്തിലാണ് ശബരിമലയിലെ പ്രതിഷ്ഠ. എന്നാല്‍ വില്ലാളിവീരനായ ഭാവത്തില്‍ കാണണമെന്ന പിതാവായ പന്തളത്ത് രാജാവിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായാണ് ഈ ഒരു ദിവസം തിരുവാഭരണങ്ങള്‍ സ്വീകരിക്കുന്നത്. ഈ വിശ്വാസത്തിന്റെ ഭാഗമായാണ് പന്തളത്തുനിന്ന് തിരുവാഭരണങ്ങളും പിതൃസ്ഥാനീയരായ പന്തളം രാജകുടുംബത്തില്‍ നിന്നുള്ള പ്രതിനിധിയും എല്ലാ മകരസംക്രമ ദിനത്തിലും സന്നിധാനത്തെത്തുന്നത്.

Loading...

ശബരിമലയില്‍ ക്ഷേത്രം സ്ഥാപിച്ചതെന്ന് കരുതുന്നതും മകരസംക്രമ ദിനത്തിലാണെന്നാണ് വിശ്വാസം. അയ്യപ്പന്‍ ജനിച്ചെന്ന് കരുതുന്നതും, അയ്യപ്പന്‍ ശബരിമല ക്ഷേത്രത്തിലെ ധര്‍മ ശാസ്താവിന്റെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചെന്ന് കരുതുന്നതും ഈ ദിനത്തിലാണ്. ഇത്രത്തോളം പ്രാധാന്യമാണ് മകരസംക്രമ ദിനത്തില്‍ ശബരിമലയ്ക്കുള്ളത്.25 അംഗ സംഘമാണ് തിരുവാഭരണ പേടകങ്ങളുമായി എത്തിയത്. പന്തളത്തുനിന്നെത്തിയ തിരുവാഭരണ വാഹക സംഘത്തെ ശരംകുത്തിയില്‍ വെച്ച് തന്ത്രി നിയോഗിച്ച സംഘം സ്വീകരിച്ചു. തുടര്‍ന്ന് അവിടെനിന്ന് തീവട്ടികളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ആനയിച്ച് സന്നിധാനത്ത് 18-ാം പടിക്ക് മുകളില്‍ വെച്ച് ദേവസ്വം അധികൃതര്‍ തിരുവാഭരണ പേടകം ഏറ്റുവാങ്ങി.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എന്‍. വാസു എന്നിവര്‍ സന്നിധാനത്ത് എത്തിയിരുന്നു. മൂന്ന് പെട്ടികളിലായാണ് തിരുവാഭരണങ്ങള്‍ എത്തിച്ചത്. ആദ്യത്തെ പെട്ടിയില്‍ തിരുമുഖം, പ്രഭാമണ്ഡലം, വലിയ ചുരിക, ചെറിയ ചുരിക, ആന, കടുവ, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, പൂന്തട്ടം, നവരത്‌നമോതിരം, ശരപൊളി മാല, വെളക്കു മാല, മണി മാല, എറുക്കും പൂമാല, കഞ്ചമ്പരം എന്നിവയാണുള്ളത്.

ഇവയാണ് വിഗ്രഹത്തില്‍ അണിയിച്ചത്. രണ്ടാമത്തെ പെട്ടിയില്‍ കലശത്തിനുള്ള തൈലക്കുടം, പൂജാപാത്രങ്ങള്‍ എന്നിവയാണുള്ളത്. മൂന്നാമത്തെ പെട്ടിയില്‍ കൊടിപ്പെട്ടി, നെറ്റിപ്പട്ടം, ജീവത കൊടികള്‍, മെഴുവട്ടക്കുട എന്നിവയാണുള്ളത്. ഇവ രണ്ടും മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ളവയാണ്. പന്തളത്തുനിന്ന് തിരുവാഭരണത്തിനൊപ്പമെത്തിയ അയ്യപ്പന്മാരെയാണ് ദീപാരാധനയ്ക്ക് ശേഷം ആദ്യം സന്നിധാനത്തേക്ക് കടത്തിവിട്ടത്. ഇതിന് ശേഷമാകും മറ്റുള്ളവരെ കടത്തിവിടുക. ഇത്തവണത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം പ്രശ്‌നങ്ങളില്ലാതെ സുഗമമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ദേവസ്വം അധികൃതരുടെയും പോലീസുദ്യോഗസ്ഥരുടെയും മുഖത്ത് തെളിഞ്ഞ ദിനമായിരുന്നു ഇന്ന്.