നവകേരള നിര്‍മാണത്തിന് ജനങ്ങള്‍ ഒരുനേരം ഉപേക്ഷിക്കണം, ഐഎഎസുകാര്‍ക്ക് എല്ലാം സൗജന്യം… പ്രതിമാസം ശമ്പളം രണ്ടരലക്ഷം

Loading...

തിരുവനന്തപുരം: പ്രളയാനന്തരം നവകേരളനിര്‍മാണത്തിനായി ഒരുനേരത്തെ ആഹാരം ഉപേക്ഷിക്കാന്‍ നാട്ടുകാരോട് ആഹ്വാനം ചെയ്ത് പരസ്യംചെയ്ത സര്‍ക്കാര്‍, ഉന്നതോദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ കുത്തനെകൂട്ടി. ഖജനാവിന്റെ വന്‍ബാധ്യത അവഗണിച്ചും അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെ അലവന്‍സ് പരിഷ്‌കരിക്കാനുള്ള മന്ത്രിസഭാതീരുമാനം. ധനവകുപ്പിന്റെ നിര്‍ദേശപ്രകാരം 2017 ജൂലൈ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തോടെ യാണ് ആനൂകൂല്യങ്ങള്‍ കൂട്ടിയിരിക്കുന്നത്.

പ്രളയത്തിന്റെ പേരില്‍ സാധാരണ ജീവനക്കാരുടെ ശമ്പളത്തില്‍ കൈയിട്ടതിനു പിന്നാലെയാണ് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ കുത്തനെ ഉയര്‍ത്തിയത്. ഇതനുസരിച്ച് യാത്ര, ഇന്ധനം, വീട്ടുജോലിക്കാരുടെ ശമ്പളം എന്നിവ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉയര്‍ത്തി.അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു താമസിക്കാന്‍ തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ബംാവുകള്‍, ഔദ്യോഗികവാഹനങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ നിലവിലുണ്ട്. അതിനു പുറമേയാണു മറ്റാനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നത്.

Loading...

ഉദ്യോഗസ്ഥരുടെ വീടുകളിലെ വൈദ്യുതിനിരക്കും വെള്ളക്കരവും പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും. ബില്‍ ഹാജരാക്കിയാല്‍ തുകയുടെ പകുതിയേ ഇതുവരെ നല്‍കിയിരുന്നുള്ളൂ. സ്വകാര്യാവശ്യത്തിനു പരിധിയില്ലാതെ ഇന്ധനം വാങ്ങാം. 3000 രൂപയ്‌ക്കോ 50 ലിറ്ററോ, ഏതാണോ കൂടുതല്‍ അതാണ് ഇതുവരെ നല്‍കിയിരുന്നത്. വീടിന്റെ സുരക്ഷയ്ക്കു മൂന്നു ഹോം ഗാര്‍ഡുകളെയും രണ്ടു സെക്യൂരിറ്റി ഗാര്‍ഡുകളെയും അനുവദിക്കും. ഏഴാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടൂര്‍ അലവന്‍സായി ഗ്രേഡ് അനുസരിച്ച് 3000-12,000 രൂപ ലഭിക്കും. ഇതിനു ബില്‍ നല്‍കേണ്ട.

വസതിയിലെ ഓഫീസ് അറ്റന്‍ഡര്‍ക്കു പരിധിയില്ലാതെ അലവന്‍സ് നല്‍കാം. നിലവില്‍ ഇതു 3000 രൂപയായിരുന്നു. പഠനനാവശ്യത്തിനു നാലുവര്‍ഷംവരെ അവധി ലഭിക്കും. പ്രവേശനതസ്തികയില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് 56,000 രൂപയാണ് അടിസ്ഥാനശമ്പളം. ഡി.എയും ടി.എയും ഇതിനു പുറമേ. കാബിനറ്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പ്രതിമാസം രണ്ടരലക്ഷം രൂപ ശമ്പളം കൈപ്പറ്റുന്നുണ്ട്.