കുടുംബ വഴക്ക് കൗൺസിലിംഗിലൂടെ പരിഹരിച്ചു കൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച പള്ളി വികാരിയെ പുറത്താക്കി

കമ്പളക്കാട്: കുടുംബ വഴക്കിന് പരിഹാരം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച പള്ളി വികാരിയെ പുറത്താക്കി. വയനാട് ബത്തേരി താളൂർ സ്വദേശിയായ ഫാദർ ബാബു വർഗീസ് പൂക്കോട്ടിലിനെയാണ് മലങ്കര ഓർത്തഡോക്സ് സഭ പുറത്താക്കിയത്. കുടുംബവഴക്ക് തീർക്കാനെത്തി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികൻ അറസ്റ്റിലായി. കൗൺസിലിംഗിന്റെ മറവിലായിരുന്നു പീഡനം. യുവതിയുടെ പരാതിയില്‍ യുവ വൈദികൻ അറസ്റ്റിലായി. വയനാട് ബത്തേരി താളൂർ സ്വദേശിയായ ഫാദർ ബാബു വർഗീസ് പൂക്കോട്ടിൽ (37) നെ ആണ് കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കമ്മന സെന്റ് ജോർജ്ജ് താബോർ ഓർത്തഡോക്സ് പള്ളിയിലെ വൈദികനാണ് ഫാ. ബാബു വർഗ്ഗീസ്.

ഇയാളെ പൗരോഹിത്യ അധികാരാവകാശങ്ങളിൽ നിന്നും മാനന്തവാടി കമ്മന സെന്‍റ് ജോർജ്ജ് താബോർ ഓർത്തഡോക്സ് പള്ളി വികാരി സ്ഥാനത്ത് നിന്ന് വൈദികനെ മാറ്റിയതായും ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രപൊലീത്ത അറിയിച്ചു. ഫാമിലി കൗൺസിലർ കൂടിയായ വൈദികൻ പരാതിക്കാരിയായ യുവതിയും ഭർത്താവും തമ്മിലുള്ള കുടുംബ വഴക്ക് പരിഹരിച്ച് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും തുടർന്ന് യുവതിയെയും ഭർത്താവിനെയും തമ്മിൽ കൂടുതൽ അകറ്റുകയും ചെയ്ത ശേഷം ബലാത്സംഗം ചെയ്തതായാണ് പരാതി.

Loading...

പുരോഹിതൻ പൗരോഹിത്യത്തിന് നിരക്കാത്ത രീതിയിൽ ജീവിക്കുകയും ക്രിമിനൽ കേസിൽ പ്രതിയാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. കേണിച്ചിറയിൽ ഇയാൾ നടത്തിവരുന്ന ഡി അഡിക്ഷൻ സെന്‍ററുമായി സഭക്കോ ഭദ്രാസനത്തിനോ യാതൊരുവിധ ബന്ധമില്ലെന്നും സഭയുടെ അംഗീകാരമില്ലാതെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നതെന്നും ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രപൊലീത്ത കൂട്ടിച്ചേര്‍ത്തു.