മഞ്ചേരിയിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊവിഡ് അല്ലെന്ന് മാതാപിതാക്കൾ: ആരോ​ഗ്യവകുപ്പന്റെ ചികിത്സാപ്പിഴവ് മറച്ചെന്ന് ആരോപണം

മലപ്പുറം: മഞ്ചേരിയില്‍ കൊവിഡ് ബാധിച്ച് മരിച്ച നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മാതാപിതാക്കള്‍ ആരോഗ്യവകുപ്പിനെതിരെ രം​ഗത്ത്. ‌മഞ്ചേരി പയ്യനാടിലെ മുഹമ്മദ് അഷറഫ് ,ആഷിഫ ദമ്പതിമാരുടെ കുഞ്ഞ് നൈഹ ഫാത്തിമക്ക് ഏപ്രില്‍ 21നാണ് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചത്. 24 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നൈഹ ഫാത്തിമ മരിച്ചു. കൊവിഡ് പ്രൊട്ടോക്കോള്‍ പ്രകാരമാണ് കുഞ്ഞിന്‍റെ മൃതദേഹം സംസ്ക്കരിച്ചത്. കുഞ്ഞിന് എങ്ങനെ രോഗം ബാധിച്ചെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

അതേസമയം കുഞ്ഞുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന മാതാപിതാക്കളടക്കം ആര്‍ക്കും രോഗം പടര്‍ന്നില്ല.കൊവിഡ് സ്ഥിരീകരിച്ചെന്ന് പറയുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച രേഖകളൊന്നും നല്‍കാത്തത് സംശയം ബലപെടുത്തുന്നതായി ബന്ധുക്കള്‍ പറഞ്ഞു.  കുഞ്ഞ് മരിച്ച് 33 ദിവസം കഴിഞ്ഞിട്ടും പരിശോധനാ ഫലമോ, വിശദാംശങ്ങളോ ആരോഗ്യവകുപ്പ് നല്‍കുന്നില്ലെന്ന് മാതാപിതാക്കള്‍ പരാതിപെട്ടു. കുഞ്ഞിന് കൊവിഡ് ബാധിച്ചിരുന്നില്ലെന്നും പിഴവ് പുറത്തറിയാതിരിക്കാനാണ് ആരോഗ്യവകുപ്പ് ഒളിച്ചുകളിക്കുന്നതെന്നും അവർ ആരോപിച്ചു.

Loading...

കൊവിഡ് രോഗിയെന്ന് ചിത്രീകരിച്ച് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതോടെ ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞിന് മതിയായ ചികിത്സ നല്‍കാൻ കഴിഞ്ഞില്ലെന്നും അത് മരണത്തിലേക്ക് വഴിവച്ചെന്നും അച്ഛൻ പറഞ്ഞു.എന്നാല്‍ കുഞ്ഞിന്‍റെ ആദ്യത്തെ രണ്ട് പരിശോധനാഫലങ്ങളും പൊസിറ്റീവ് തന്നെയായിരുന്നുവെന്ന് ആര്യോഗ്യവകുപ്പ് അറിയിച്ചു.