അതീവ ജാഗ്രത: മലപ്പുറത്ത് സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്ന കൊണ്ടോട്ടിയിൽ കർശന നിയന്ത്രണം: മഞ്ചേരി കോടതിയിലെ രണ്ട് അഭിഭാഷകർക്കും ക്ലർക്കിനും കൊറോണ

മലപ്പുറം: മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത. സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്ന കൊണ്ടോട്ടിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ഏഴ് മുതൽ രാവിലെ അഞ്ച് വരെ ഇവിടെ നൈറ്റ് കർഫ്യൂ നിലനിൽക്കും. അതേസമയം, രണ്ട് അഭിഭാഷകർക്കും ക്ലർക്കിന് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മഞ്ചേരി കോടതികളിൽ നിയന്തണം കർശനമാക്കി. കോടതി വളപ്പിലേക്ക് പ്രവേശനം താത്ക്കാലികമായി ജുഡീഷ്യൽ ഓഫീസേഴ്‌സിനും ഉദ്യോഗസ്ഥർക്കുമായി പരിമിതപ്പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേസ് നടപടികൾ ഓൺലൈൻ മുഖേന ആയിരിക്കും. അതിനിടെ കഴിഞ്ഞ ദിവസം കൊവിഡ് പോസറ്റീവായി 11 മാസമുള്ള കുട്ടി മരിച്ച സംഭവത്തെ തുടർന്ന് ഈ കുട്ടിയുടെ മാതാവിന്റ വീട്ടിലെ 5 പേരുടെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു.

കൊണ്ടോട്ടിയിൽ സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ഈ മേഖലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. താലൂക്ക് പരിധിയിൽ അവശ്യവസ്തുക്കൾ വാങ്ങിക്കാൻ പോവുന്നവർ നിർബന്ധമായും കയ്യിൽ റേഷൻ കാർഡ് കരുതണം. രാത്രി ഏഴ് മുതൽ രാവിലെ അഞ്ച് വരെ ഇവിടെ നൈറ്റ് കർഫ്യൂ നിലനിൽക്കും. സമ്പർക്ക രോഗബാധിതരുടെ എണ്ണം കാസർഗോഡ് ഓരോ ദിവസവും കൂടി വരികയാണ്. വിവാഹമരണാനന്തര ചടങ്ങുകൾക്ക് പുറമെ ജില്ലയിലെ തീരമേഖലയിൽ രോഗം കണ്ടെത്തുന്നതും വെല്ലുവിളിയാവുകയാണ്. 24 പേർക്ക് വൈറസ് ബാധയുണ്ടായ നെല്ലിക്കുന്ന് കടപ്പുറത്ത് പരിശോധന വർധിപ്പിക്കുന്നതിനൊപ്പം പുതിയ പദ്ധതികൾ തേടുകയാണ് ജില്ലയിലെ ആരോഗ്യ വകുപ്പ്.

Loading...

കാസർഗോഡ് തീരപ്രദേശത്തെ രോഗവ്യാപനത്തിന് തടയിടാൻ പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കാനാണ് തീരുമാനം. നഗരപരിധിക്കടുത്തെ നെല്ലിക്കുന്ന് കടപ്പുറത്ത് 24 പേർ കഴിഞ്ഞ ദിവസം കൊവിഡ് പോസറ്റീവായി. കോട്ടിക്കുളത്ത് രണ്ടു ദിവസത്തിനിടെ എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു തീരപ്രദേശവും ക്ലസ്റ്ററുകളാക്കി. നിയന്ത്രണങ്ങൾ കടുപ്പിക്കും. മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ഇടപെടൽ നടത്തിയെങ്കിലും ആളുകൾ തയാറായില്ല. അതിനാൽ പരിശോധനകൾ വർധിപ്പിക്കുന്നതിനൊപ്പം മുതിർന്ന റവന്യു ഉദ്യോഗസ്ഥരെ ഇൻസിഡന്റ് കമാൻഡറായി ചുമതലപ്പെടുത്തി നടപടികൾ ഏകോപിപ്പിക്കാനാണ് തീരുമാനം. ജില്ലയിൽ പൊലീസ് നിയന്ത്രണങ്ങളിലും ഇളവുണ്ടാകില്ല.