മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു: ജൂൺ 29 ന് റിയാദിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ കൊറോണ നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇദ്ദേഹം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. വണ്ടൂർ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. 82 വയസായിരുന്നു. ഈ മാസം ഒന്നാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അർബുദ രോഗിയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്ന ആളാണ് മരിച്ചത്. സ്രവം പരിശോധനയ്ക്ക് അയച്ച് ഫലം വരാൻ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 29ന് റിയാദിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം.

അതേസമയം മലപ്പുറം ജില്ലയില്‍ 37 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരാള്‍ക്ക് മാത്രമാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 32 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ ആറ് പേര്‍ കോഴിക്കോട് ജില്ലയിലും മൂന്ന് പേര്‍ കണ്ണൂര്‍ ജില്ലയിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികില്‍സയിലുള്ളത്.

Loading...

ജൂണ്‍ 28 ന് രോഗബാധ സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനുമായി ബന്ധമുള്ള വട്ടംകുളം സ്വദേശിയായ ഒമ്പത് വയസുകാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്നെത്തിയ താനാളൂര്‍ കെ. പുരം പുത്തന്‍തെരുവ് സ്വദേശി (37), മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി (58), എ.ആര്‍ നഗര്‍ ശാന്തിവയല്‍ സ്വദേശി (43), ജൂണ്‍ 19 ന് ചെന്നൈയില്‍ നിന്നെത്തിയ വേങ്ങര കച്ചേരിപ്പടി സ്വദേശി (48) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍.