​ മലപ്പുറത്ത് റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവായ 30 പ്രവാസികളെ മാറ്റിയത് സ്കൂളിലേക്ക്: അടിസ്ഥാന സൗകര്യം പോലുമില്ലാതെ സ്ത്രീകളും കുട്ടികളും

മലപ്പുറം: റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവായ 30 പ്രവാസികളെ മാറ്റിയത് സ്കൂളിലേക്ക്. മലപ്പുറത്താണ് സംഭവം. കരിപ്പൂരില്‍ വിമാനമിറങ്ങിയ 30 പേരെയാണ് അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സ്കൂളിലേക്ക് മാറ്റിയത്. മലപ്പുറം ചേറൂർ ചാക്കിരി യുപി സ്കൂളിലാണ് സ്ത്രീകളും കുട്ടികളുമടക്കം 30 പേരെ എത്തിച്ചത്. സ്കൂളിൽ അടിസ്ഥാന സൗകര്യമില്ലെന്ന് പരാതി. ഇന്നലെ രാത്രിയാണ് ഇവർ കരിപ്പൂരിലെത്തിയത്.

റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവായ എല്ലാവരും പിന്നീട് നടത്തുന്ന പരിശോധനകളിൽ പോസറ്റീവ് ആകണമെന്നില്ല. അതുകൊണ്ടാണ് ആശുപത്രിയിലേക്ക് മാറ്റാത്തത് എന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശതീകരണം. അതേസമയം, സ്കൂളില്‍ ആവശ്യത്തിന് ടോയ്ലറ്റുകൾ ഉണ്ടെന്ന് ജില്ലാ ഭരണകൂടം വിശദീകരിച്ചു.

Loading...

അതേസമയം മലപ്പുറം ജില്ലയില്‍ 24 പേര്‍ക്ക് കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 22 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഇവരില്‍ ആറ് പേര്‍ വിവിധ ജില്ലകളിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ജൂണ്‍ 22ന് ബംഗലൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര ചെറുമുക്ക് സ്വദേശി(25), ജൂണ്‍ 20ന് മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശി(35) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍.

ജൂണ്‍ 28ന് ദോഹയില്‍ നിന്ന് ഒരേ വിമാനത്തിലെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി(41), തെന്നല സ്വദേശി(28), ജൂണ്‍ 22ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ മഞ്ചേരി പയ്യനാട് സ്വദേശി(22), ജൂണ്‍ 25ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ തൃക്കലങ്ങോട് ആമയൂര്‍ സ്വദേശി(30), ജൂണ്‍ 29ന് റിയാദില്‍ നിന്നെത്തിയ കോഡൂര്‍ വലിയാടിലെ രണ്ട് വയസുകാരി, ജൂണ്‍ 20 ന് ജിദ്ദയില്‍ നിന്നെത്തിയ മമ്പാട് നടുവത്ത് സ്വദേശി(37), ജൂണ്‍ 22 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി(34), ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്നെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശിക്കും (49) രോഗം സ്ഥിരീകരിച്ചു. ഇതിന് പുറമെ, ജൂണ്‍ 28ന് ദോഹയില്‍ നിന്നെത്തിയ കുറുവ സ്വദേശി(38), ജൂണ്‍ 29ന് ഷാര്‍ജയില്‍ നിന്നെത്തിയ വെളിയങ്കോട് ഗ്രാമം സ്വദേശി(20), ജൂണ്‍ 10ന് റിയാദില്‍ നിന്നെത്തിയ പെരുമ്പടപ്പ് കോടത്തൂര്‍ സ്വദേശി(45), ജൂണ്‍ 23ന് മസ്‌ക്കറ്റില്‍ നിന്നെത്തിയ ഒഴൂര്‍ സ്വദേശി(52), ജൂണ്‍ 23ന് അബുദാബിയില്‍ നിന്നെത്തിയ മംഗലം കൂട്ടായി സ്വദേശി(31), ജൂണ്‍ 22ന് ദുബൈയില്‍ നിന്നെത്തിയ രണ്ടത്താണി സ്വദേശിനി(22), ജൂണ്‍ 30ന് ഒമാനില്‍ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി(37), ജൂണ്‍ 28ന് റിയാദില്‍ നിന്നെത്തിയ വണ്ടൂര്‍ മേലേമടത്തുള്ള ഒരു വയസുകാരി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരെക്കൂടാതെ മലപ്പുറം ജില്ലക്കാരായ ആറ് പേര്‍ മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്.