സൗദിയില്‍ താമസസ്ഥലത്ത് പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

ബുറൈദ: സൗദിയില്‍ പ്രവാസി മലയാളി തമാസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. ഖസിം പ്രവിശ്യയിലെ ഉനൈസയില്‍ മലപ്പുറം പാലപ്പെട്ടി കുന്നത്തുവളപ്പില്‍ മുഹമ്മദ്- ഫാത്വിമ ദമ്പതികളുടെ മകന്‍ ഇക്ബാല്‍ കോര്‍മത്ത് ആണ് മരിച്ചത്. 38 വയസായിരുന്നു. ഉനൈസിലെ ഫാക്രിയ എന്ന സ്ഥലത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഇവിടെയുള്ള തുര്‍ക്കിഷ് ഹോട്ടലില്‍ പാചകക്കാരനായിരുന്നു ഇദ്ദേഹം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ രണ്ട് മാസമായി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് താമസ സ്ഥലത്ത് കഴിയുകയായിരുന്നു ഇദ്ദേഹം. രാവിലെ ഛര്‍ദ്ദിലും ഉണ്ടായി. വൈകുന്നേരമായതോടെ കൂടുതല്‍ ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടു. പിന്നീട് ശ്വാസ തടസം അനുഭവപ്പെട്ടുവെന്നും ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

Loading...

12 വര്‍ഷമായി ഇക്ബാല്‍ പ്രവാസിയായി ജീവിതം നയിക്കുകയായിരുന്നു. അവസാനമായി ആറ് മാസം മുമ്പാണ് ഇദ്ദേഹം നാട്ടില്‍ പോയി വന്നത്. ഭാര്യ; സഫീന, സഹോദരന്‍മാരായ അലി കോര്‍മത്ത്, ഷംസു, കബീര്‍ എന്നിവര്‍ ബുറൈദയില്‍ ഉണ്ട്. മൂന്നു സഹോദരിമാരും മറ്റൊരു സഹോദരനും നാട്ടിലാണ്. മൃതദേഹം ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.