ഓ കാതല്‍ കണ്‍മണി ചരിത്രം കുറിക്കുകയാണ്. മണിരത്‌നത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. സമീപകാലത്ത് തമിഴ് സിനിമ ഇത്തരമൊരു വിജയം കണ്ടിട്ടില്ല. നൂറുകോടി ക്ലബിലേക്ക് ഓ കാതല്‍ കണ്‍മണി കടക്കുമെന്നാണ് ട്രേഡ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ഗംഭീര പ്രകടനമാണ് കാതല്‍ കണ്‍മണി കാഴ്ചവയ്ക്കുന്നത്. ആദ്യ രണ്ടുദിനങ്ങളില്‍ അമേരിക്കയില്‍ രണ്ടുകോടിയോളമാണ് ചിത്രത്തിന് കളക്ഷന്‍.

എ ആര്‍ റഹ്മാന്റെ ഗാനങ്ങള്‍, പി സി ശ്രീറാമിന്റെ ക്യാമറ, ദുല്‍ക്കര്‍നിത്യപ്രകാശ്‌രാജ് എന്നിവരുടെ അഭിനയപ്രകടനം എന്നിവ സിനിമയെ ഗംഭീരമാക്കി. ഓരോ ദിവസവും ചിത്രത്തിന് തിരക്കേറിവരുന്ന കാഴ്ചയാണ് ചെന്നൈയില്‍ കാണാനാകുന്നത്.

Loading...

അതേസമയം, ഈ സിനിമയുടെ വിജയം ദുല്‍ക്കര്‍ സല്‍മാനാണ് ഏറ്റവും ഗുണം ചെയ്തിരിക്കുന്നത്. തെന്നിന്ത്യയുടെ സൂപ്പര്‍സ്റ്റാറായി ദുല്‍ക്കര്‍ മാറുന്നു. തമിഴകത്ത് ഓഫറുകളുടെ പ്രളയമാണ് ദുല്‍ക്കറിന് സൃഷ്ടിച്ചിരിക്കുന്നത്. കോളിവുഡിലെ വമ്പന്‍മാര്‍ ദുല്‍ക്കറിന്റെ ഡേറ്റിനായി തിരക്കുകൂട്ടുന്നു. ലിംഗുസാമിയുള്‍പ്പടെയുള്ള സംവിധായകര്‍ ദുല്‍ക്കറുമൊത്ത് സമീപഭാവിയില്‍ തന്നെ പ്രൊജക്ടുകള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

മലയാളത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ദുല്‍ക്കറിന്റെ ഓണച്ചിത്രം സംവിധാനം ചെയ്യുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടാണ്. ഒരു സമ്പൂര്‍ണ കോമഡി എന്റര്‍ടെയ്‌നറായിരിക്കും ഈ സിനിമ. അമല്‍ നീരദ്, രാജീവ് രവി തുടങ്ങിയ വമ്പന്‍മാരും തങ്ങളുടെ അടുത്ത സിനിമകളിലെ നായകനായി ദുല്‍ക്കറിനെ തീരുമാനിച്ചുകഴിഞ്ഞു.