സുകുമാരി അരങ്ങൊഴിഞ്ഞിട്ട് രണ്ട് വര്‍ഷം.

സെറ്റു മുണ്ടുമുടുത്ത്, നെറ്റിയില്‍ ചന്ദനക്കുറിയും അണിഞ്ഞ് വന്നാല്‍ സുകുമാരിയെപ്പോലെ ഐശ്വര്യമുള്ള അമ്മ വേറെയില്ല. സ്ലീവ് ലെസ് ബ്ലൌസും സില്‍ക്ക് സാരിയും ധരിച്ചാല്‍ ഇത്ര അഹങ്കാരിയോ എന്ന് തോന്നിപ്പിക്കും. ഏത് വേഷവും ഏത് റോളും ഏത് കാലത്തും അവതരിപ്പിക്കാന്‍ പറ്റിയ നടിയായിരുന്നു സുകുമാരി.

Sukumari

അഭിനയത്തിലൂടെ സൃഷ്ടിച്ച വിസ്മയങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കി സുകുമാരി അരങ്ങൊഴിഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുകയാണ്. 2013 മാര്‍ച്ച് 26നാണ് സുകുമാരി ഈ ലോകത്ത് നിന്നും വിട പറയുന്നത്. സെറ്റു മുണ്ടുമുടുത്ത്, നെറ്റിയില്‍ ചന്ദനക്കുറിയും അണിഞ്ഞ് വന്നാല്‍ സുകുമാരിയെപ്പോലെ ഐശ്വര്യമുള്ള അമ്മ വേറെയില്ല. സ്ലീവ് ലെസ് ബ്ലൌസും സില്‍ക്ക് സാരിയും ധരിച്ചാല്‍ ഇത്ര അഹങ്കാരിയോ എന്ന് തോന്നിപ്പിക്കും. ഏത് വേഷവും ഏത് റോളും ഏത് കാലത്തും അവതരിപ്പിക്കാന്‍ പറ്റിയ നടിയായിരുന്നു സുകുമാരി.

Loading...

1940 ഒക്ടോബര്‍ 6ന് തമിഴ്‌നാട് നാഗര്‍കോവിലില്‍ മാധവന്‍ നായരുടേയും സത്യഭാമയുടേയും മകളായാണ് സുകുമാരി ജനിച്ചത്. തിരുവിതാംകൂര്‍ സഹോദരിമാരായ നടിയ ലളിത, പദ്മിനി, രാഗിണിമാരുടെ അടുത്ത ബന്ധുവായ സുകുമാരി ഒരു കലാകാരി ആയതില്‍ അതിശയിക്കാനൊന്നുമില്ല. പക്ഷേ അഭിനയത്തിന്റെ കാര്യത്തില്‍ ഇവരെയൊക്കെ കടത്തി വെട്ടുന്നതായിരുന്നു സുകുമാരിയുടെ പ്രകടനമെന്ന് പറയാതെ വയ്യ. ചെറിയ പ്രായത്തില്‍ തന്നെ നൃത്തം അഭ്യസിച്ച സുകുമാരി ആദ്യം നൃത്തം പഠിച്ചത് ഗുരു ഗോപിനാഥിന്റെ കീഴില്‍ ആയിരുന്നു. ഏഴാം വയസ് മുതല്‍ തിരുവിതാംകൂര്‍ സഹോദരിമാരുടെ ഡൈന്‍സേഴ്‌സ് ഓഫ് ഇന്ത്യ എന്ന ട്രൂപ്പിന്റെ ഭാഗമായി ഇന്ത്യയിലുട നീളവും സിലോണ്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലും നൃത്തപരിപാടികള്‍ അവതരിപ്പിച്ചു. പിന്നീട് നടിമാരായ രാജസുലോചനയുടെയും കുശലകുമാരിയുടെയും ട്രൂപ്പുകളില്‍ അംഗമായി. നൃത്തവേദികളിലെ പ്രകടനം കണ്ടാണ് സംവിധായകന്‍ പി. നീലകണ്ഠന്‍ ഒരറിവ് എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. പത്താമത്തെ വയസിലായിരുന്നു സുകുമാരിയുടെ സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് 2000ത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു സുകുമാരി.

1957ല്‍ ആറുഭാഷകളില്‍ പുറത്തിറങ്ങിയ തസ്‌കരവീരനിലാണ് സുകുമാരി ആദ്യമായി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതേ വര്‍ഷം തന്നെ മലയാള സിനിമയായ കൂടപ്പിറപ്പിലും അഭിനയിച്ചു. ചേട്ടത്തി, കുസൃതിക്കുട്ടന്‍, കുഞ്ഞാലിമരക്കാര്‍, തച്ചോളി ഒതേനന്‍, യക്ഷി, കരിനിഴല്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ സുകുമാരിയെ പ്രേക്ഷകരുടെ ഇഷ്ടനടിയാക്കി.

ഹാസ്യം കൈകാര്യം ചെയ്ത അപൂര്‍വ്വം നടിമാരില്‍ ഒരാളായിരുന്നു സുകുമാരി. സംവിധായകന്‍ പ്രിയദര്‍ശനായിരുന്നു സുകുമാരിയിലെ ഹാസ്യ കലാകാരിയെ കൂടുതല്‍ ഉപയോഗപ്പെടുത്തിയത്. പൂച്ചക്കൊരു മുക്കൂത്തി, വന്ദനം, ബോയിംഗ് ബോയിംഗ്, ഓടരുതമ്മാവാ ആളറിയാം എന്നീ ചിത്രങ്ങളില്‍ സുകുമാരി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇപ്പോഴും ചിരിയുണര്‍ത്തുന്നവയാണ്. മിഡിയും ടോപ്പുമിട്ട് മദ്യപിക്കുന്ന മോഡേണ്‍ ആന്റിയായി ഒരു ചിത്രത്തില്‍ തകര്‍ത്തഭിനയിക്കുമ്പോഴായിരിക്കും തൊട്ടടുത്ത ചിത്രത്തില്‍ മുഷിഞ്ഞ വസ്ത്രവും മുടിയുമൊക്കെയുള്ള ദരിദ്ര കഥാപാത്രമായി സുകുമാരി എത്തുന്നത്. രണ്ടിലും വിദൂര സാമ്യം പോലും തോന്നാത്തത് സുകുമാരിയുടെ മാത്രം കഴിവാണ്. തേന്‍മാവിന്‍ കൊമ്പത്തിലെ ഗിഞ്ചിമൂട് ഗാന്ധാരി, അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ മാളുവമ്മ, ബോയിംഗ് ബോയിംഗിലെ ഡിക്ക് അമ്മായി, തലയണ മന്ത്രത്തിലെ സുലോചന തങ്കപ്പന്‍ തുടങ്ങിയവ സുകുമാരി അനശ്വരമാക്കിയ കഥാപാത്രങ്ങളില്‍ ചിലതാണ്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടേയും അമ്മ വേഷത്തില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട്.

ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും പത്മശ്രീയും സുകുമാരിയെ തേടിയെത്തിയിട്ടുണ്ട്. 2013 ഫെബ്രുവരി 27ന് ചെന്നൈയിലുള്ള വീട്ടിലെ പൂജാമുറിയില്‍ നിലവിളക്ക് കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ സുകുമാരിക്ക് പൊള്ളലേറ്റു. നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ സുകുമാരി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയെങ്കിലും മാര്‍ച്ച് 26ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു, മലയാള സിനിമയും മലയാളിയും കണ്ണീരണിഞ്ഞ ദിവസം.