ഓസ്ട്രേലിയയിൽ ആഗസ്ത് 9ന്‌ സെൻസസ്:വീട്ടിൽ സംസാരിക്കുന്ന ഭാഷ”മലയാളം’’ എന്നു പറയുക പ്രചരണം ആരംഭിച്ചു

സിഡ്നി :ആഗസ്ത് ഒന്‍പതിന്‌ നടക്കുന്ന ആസ്ട്രേലിയന്‍ സെന്‍സസില്‍ വീട്ടിൽ സംസാരിക്കുന്ന ഭാഷ എന്ന ചോദ്യത്തിന് മലയാളം എന്ന് രേഖപ്പെടുത്താന്‍ എല്ലാ മലയാളികളും മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥന.സെന്‍സസ് ഫോമിലെ” ‘’ഇംഗ്ലീഷല്ലാതെ നിങ്ങള്‍ വീട്ടില്‍ സംസാരിക്കുന്ന ഭാഷ”(Does the person speak a language other than English at home ?) എന്ന ചോദ്യത്തിലൂടെയാണ്‌ രാജ്യത്തുള്ള ഭാഷാടിസ്ഥാനത്തിലുള്ള കുടിയേറ്റ സമൂഹങ്ങളുടെ  ജനസംഖ്യ  കണ്ടെത്തുക.ഇംഗ്ലീഷ്,ചൈനീസ്,ഉള്‍പ്പടെ ഏഴോളം ഭാഷകള്‍ ഉത്തരങ്ങളായി കൊടുത്തിട്ടുണ്ട്.എന്നാല്‍ ഏറ്റവും അവസാനം കൊടുത്തിട്ടുള്ള ”എസ് അദര്‍ ”(Yes,other- please specify)എന്നതിനു താഴെ ”മലയാളം” എന്ന് രേഖപ്പെടുത്തുകയാണ് വേണ്ടത്.വീട്ടില്‍ സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷ് എന്ന് രേഖപ്പെടുത്തുന്ന മലയാളി  ഇംഗ്ലീഷ് ജന വിഭാഗത്തില്‍ ഉള്‍പ്പെടുമെന്നു സാരം.(ഒരു ഉത്തരം മാത്രമേ രേഖപ്പെടുത്താനാകൂ എന്നതിനാല്‍ അവസാനത്തെ ഓപ്ഷന്‍ ആയ അദര്‍ സ്പെസിഫൈ എന്നതിന്‌ താഴെ മലയാളം എന്ന് എഴുതി ചേര്‍ക്കണം)

ഓസ്ട്രേലിയയിൽ മലയാളികൾ കുട്ടികളുടെ സ്കൂൾ രേഖയിലും മറ്റും വീട്ടിൽ സംസാരിക്കുന്ന ഭാഷ, ഒന്നാം ഭാഷ തുടങ്ങിയ സ്ഥാനത്ത് ഇംഗ്ലീഷ് എന്നാണ്‌ പൊതുവേ രേഖപ്പെടുത്തുന്നത്. എന്നാൽ സെൻസസിൽ അത് ചെയ്യരുത്. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളിലും മലയാളിയത്തിന്‌ പ്രാധാന്യം ലഭിക്കാനും, സർക്കാർ അറിയിപ്പുകൾ മലയാളത്തിലും ലഭ്യമാകാനും, മലയാളം പരിപാടികൾ ദേശീയ മാധ്യമത്തിൽ ലഭ്യമാകാനും,പൊതു നോട്ടീസുകളിൽ മലയാളത്തേ ഉൾപ്പെടുത്താനും എല്ലാ മലയാളികളും സഹകരിക്കുക. നിലവിൽ ചൈനീസ്, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകൾക്കാണ്‌ കൂടുതൽ പരിഗണന കിട്ടുന്നത്.

Loading...

വരുന്ന അഞ്ച്  വര്‍ഷക്കാലം രാജ്യത്തെ ഭാഷാടിസ്ഥാനത്തിലുള്ള കുടിയേറ്റ വംശജര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും ആഗസ്ത് 9 ന്‌ ശേഖരിക്കുന്ന സെന്‍സസ് ഡാറ്റ പ്രകാരമായിരിക്കും തീരുമാനിക്കപ്പെടുക.മറ്റ് കുടിയേറ്റ ഭാഷാ വിഭാഗങ്ങള്‍ക്കെന്ന പോലെ മലയാളികള്‍ക്ക് സഹായകരമാകുന്ന ഭാഷ പ്രോല്‍ സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍,ലൈബ്രറികളില്‍ മലയാളം പുസ്തകങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍,ഭാഷാ വിഭാഗങ്ങള്‍ക്കുള്ള ചൈല്‍ഡ് കെയര്‍ സെന്ററുകള്‍,സ്കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതിനുള്ള നടപടികള്‍,നേഴ്സിങ് ഹോം,ഭാഷാടിസ്ഥാനത്തിലുള്ള റേഡിയോ ടെലിവിഷൻ പ്രക്ഷേപണങ്ങൾ  എന്നിങ്ങനെ ഭാഷാ അടിസ്ഥാനത്തില്‍ നല്‍കി വരുന്ന സര്‍ക്കാര്‍ സഹായങ്ങള്‍  മലയാളി സമൂഹത്തിന്‌ പ്രയോജനപ്പെടണമെങ്കില്‍ സെന്‍സസ് ഫോമില്‍ വീട്ടില്‍ സാംസാരിക്കുന്ന ഭാഷ മലയാളം എന്ന് മലയാളികള്‍ എഴുതാന്‍ ശ്രദ്ധിക്കണം.2011 ൽ നടന്ന സെൻസസ് അടിസ്ഥാനത്തിൽ തമിഴ് ഭാഷക്ക് മലയാളത്തേക്കാൾ കൂടുതൽ പ്രാമുഖ്യം നേടാൻ കഴിഞ്ഞിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സിഡ്‌നി ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ കൗൺസിൽ ലൈബ്രറികളിൽ തമിഴ് പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

ആഗസ്ത് ഒന്‍പതിന് നടക്കുന്ന സെന്‍സസില്‍ ”വീട്ടില്‍ സംസാരിക്കുന്ന ഭാഷ മലയാളം” എന്ന പ്രചരണത്തിന്‌ രാജ്യത്തെ മലയാളി കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങി കഴിഞ്ഞു.മെല്‍ബണ്‍ ഡാഡിനോങ്ങ് പ്രദേശത്തെ സ്മാര്‍ട്ട് ലൈഫ് മലയാളി കൂട്ടായ്മ ഇത്തരത്തിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.എല്ലാ മലയാളി അസോസിയേഷനുകളും,കൂട്ടായ്മകളും,മത സം ഘടനകളും സെന്‍സസ് ബോധവല്‍ക്കരണ പ്രവര്‍ ത്തനങ്ങള്‍ ക്ക് മുന്നിട്ടിറങ്ങേണ്ടതുണ്ട്.