തൃശൂര്‍: പ്രമുഖ കവിയും മലയാള ചലച്ചിത്ര ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു. ഇന്നു വൈകിട്ട് 5.30-ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിലെ ആധുനിക കാലത്തെ ഏറ്റവും പ്രശസ്തനായ കവികളില്‍ ഒരാളാണ്. ജനുവരി 24 മുതല്‍ ചികിത്സയിലായിരുന്നു. ബ്രോങ്കൊ ന്യൂമോണിയയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി 24നാണ് യൂസഫലി കേച്ചേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്ന അദ്ദേഹത്തിന്റെ വൃക്കകള്‍ക്കും ഗുരുതരമായ തകരാറു സംഭവിച്ചിരുന്നു. മരണസമയത്ത് ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു.

കാര്‍മുകില്‍ പോലെ കരയുവാനും ഉന്മിഷത്തായ താരകം പോലെ ചിരിക്കുവാനും കഴിയുന്ന ഒരു മനുഷ്യനാകാനാഗ്രഹിച്ച യൂസഫലി, തൃശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ ഒരു പ്രശസ്ത ദേശീയ മുസ്‌ലിം കുടുംബത്തില്‍ 1934 മെയ് 16ന് ജനിച്ചു. ജ്യേഷ്ഠ സഹോദരന്‍ എ.വി. മുഹമ്മദ് അറിയപ്പെടുന്ന സ്വാതന്ത്ര്യ സമരഭടനും തികഞ്ഞ ഗാന്ധിയനുമായിരുന്നു. ബിഎ, ബി. എല്‍. ബിരുങ്ങള്‍ നേടിയശേഷം പ്രക്ടീസ് ആരംഭിച്ചു. കേരള സംഗീത നാടക അക്കാദമി അസിസ്റ്റന്റ് സെക്രട്ടറിയായൂം കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Loading...

1952 മുതല്‍ കാവ്യരചന ആരംഭിച്ചു. ആനുകാലികങ്ങളിലായി ധാരാളം കവിതകള്‍ പ്രസിദ്ധപ്പെടുത്തി. 1965ല്‍ പുറത്തുവന്ന ‘സൈനബ എന്ന ഖണ്ഡകാവ്യം ഏറെ ജനശ്രദ്ധ ആര്‍ജിച്ചു. ആയിരം നാവുള്ള മൗനം, കേച്ചേരിപ്പുഴ, രാഘവീയം നാദബ്രഹ്മം, സൂര്യ ഗര്‍ഭം, അഞ്ചുകന്യകള്‍, സൈനബ, ഓര്‍മ്മക്കു താലോലിക്കാന്‍, സിന്ദൂരച്ചെപ്പ് (തിരക്കഥ) കേച്ചേരിപ്പാട്ടുകള്‍ (ചലച്ചിത്രഗാനങ്ങള്‍) എന്നിവയാണ് പ്രധാന കൃതികള്‍.

1985, 2013 വര്‍ഷങ്ങളില്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കവനകൗതുകം അവാര്‍ഡ്(1986), ഓടക്കുഴല്‍ അവാര്‍ഡ്(1987), ആശാന്‍ പ്രൈസ്(1988), രാമാശ്രമം അവാര്‍ഡ്(1990), ചങ്ങമ്പുഴ അവാര്‍ഡ്(1995), മൂലൂര്‍ അവാര്‍ഡ്(1996), ജന്മാഷ്ടമി അവാര്‍ഡ്(1997), കൃഷ്ണഗീഥി പുരസ്‌ക്കാരം(1998), പണ്ഡിറ്റ് കറുപ്പന്‍ അവാര്‍ഡ്(1998), വള്ളത്തോള്‍ പുരസ്‌കാരം(2012), ബാലാമണിയമ്മ അവാര്‍ഡ്(2012), പ്രേം നസീര്‍ പുരസ്‌കാരം, കുഞ്ചാക്കോ സ്മാരക അവാര്‍ഡ് എന്നിവയാണ് മറ്റു പ്രധാന നേട്ടങ്ങള്‍.

സിന്ദൂരച്ചെപ്പ്, മരം, വനദേവത, നീലത്താമര എന്നീ നാലു ചിത്രങ്ങളുടെ നിര്‍മാതാവായി. ഇതില്‍ സിന്ദൂരച്ചെപ്പൊഴിച്ചുള്ള മൂന്നു ചിത്രങ്ങളുടെയും സംവിധാനം നിര്‍വ്വഹിച്ചത് കേച്ചേരി തന്നെ. സിന്ദൂരച്ചെപ്പ്, മരം, എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഗാനരചനയ്ക്ക് സംസ്ഥാന, ദേശീയ അവാര്‍ഡുകളും നേടിയിട്ടുണ്ട്. 2000ല്‍ മഴ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്.