ഭാഗ്യദേവത ഇങ്ങനെയും കടാക്ഷിക്കും; ദുബായിയില്‍ മലയാളി സുഹൃത്തുക്കള്‍ക്ക് ജാക്ക്‌പോട്ട്‌

ഓണ്‍ലൈനിലെ പിശകാണ് ഈ മലയാളി സുഹൃത്തുക്കളുടെ ഭാഗ്യത്തിനു കാരണം. ചൊവ്വാഴ്ച രാവിലെ നറുക്കെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീ മില്ലിന്നീയം മില്യണെയര്‍ നറുക്കെടുപ്പില്‍ 1 മില്യണ്‍ ഡോളര്‍ ജാക്ക്‌പോട്ടിന്റെ രൂപത്തിലാണ്‌ പിന്റോ പോള്‍ തൊമ്മാനയെയും ഫ്രാന്‍സിസ് സെബാസ്റ്റ്യനെയും ഭാഗ്യം തേടിയെത്തിയിരിക്കുന്നത്.

ഓണ്‍ലൈനിലെ പിശക് കാരണം ഇവര്‍ക്ക് ഇഷ്ടപ്പെട്ട നമ്പറില്‍ അവസാനിക്കുന്ന ടിക്കറ്റ് എടുക്കുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇവര്‍ 2465 എന്ന നമ്പറില്‍ അവസാനിക്കുന്ന ടിക്കറ്റ് എടുക്കുകയായിരുന്നു. ആദ്യം എടുക്കാന്‍ ഉദ്ദേശിച്ച ടിക്കറ്റ് ഓണ്‍ലൈനിലെ തകരാര്‍ കാരണം എടുക്കുവാന്‍ കഴിഞ്ഞില്ലെന്നും തുടര്‍ന്ന് രണ്ടാമത്തെ പരിശ്രമത്തിലാണ് ഈ ടിക്കറ്റ് എടുത്തതെന്നും പിന്റോ പറയുന്നു. സമ്മാനം കിട്ടിയെന്ന വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ കൂട്ടുകാരാരോ പറ്റിക്കാന്‍ വിളിക്കുന്നതാണെന്നാണ് കരുതിയതെന്നും പിന്നീടാണ് സംഭവം സത്യമാണെന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി കൂട്ടുകാരായ പിന്റോയും സെബാസ്റ്റ്യനും ഷെയറിട്ടാണ് ടിക്കറ്റ് എടുത്തിരുന്നത്. മറ്റുള്ളവരുമായി ചേര്‍ന്ന് അഞ്ചു തവണ താന്‍ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ടെന്നും പിന്റോയുമായി ആദ്യമായാണ് ടിക്കറ്റ് എടുത്തതെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു. തന്റെ പ്രിയ കൂട്ടുകാരനോടൊപ്പം ജാക്ക്‌പോട്ട് നേടാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മക്കളുടെ വിദ്യാഭ്യാസത്തിനായി തുക ഉപയോഗിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പിന്റോയും തന്റെ മാതാപിതാക്കളെ ദുബായിയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായി സെബാസ്റ്റ്യനും വ്യക്തമാക്കി.

Top