പഞ്ചാബില്‍ നിന്നും നാട്ടിലേക്ക് തിരിച്ച മലയാളി യുവാവിന്റെ മൃതദേഹം ആന്ധ്രയിലെ റെയില്‍വേ ട്രാക്കില്‍

ആലപ്പുഴ: പഞ്ചാബില്‍ നിന്നും പ്രത്യേക ട്രെയിനില്‍ കേരളത്തിലേക്ക് തിരിച്ച മലയാളി യുവാവിനെ ആന്ധ്രയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര താമരക്കുളം നാലുമുക്ക് സൗപര്‍ണ്ണികയില്‍ രഘുപതി സുജാത ദമ്ബതികളുടെ മകന്‍ നൃപന്‍ ചക്രവര്‍ത്തി(33)യുടെ മൃതദേഹമാണ് വിജയവാഡയ്ക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്. നൃപന്റെ മരണത്തില്‍ ദുരൂഹത തുടരുകയാണ്.

വിജയവാഡയ്ക്ക് സമീപമുള്ള കൊണ്ടപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ച നിലയില്‍ നൃപനെ കണ്ടെത്തുകയായിരുന്നു. പത്ത് വര്‍ഷമായി പഞ്ചാബിലെ ഓയില്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ് നൃപന്‍. കഴിഞ്ഞ 19 സുഹൃത്തുക്കള്‍ക്കൊപ്പം നൃപന്‍ നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

Loading...

യാത്രക്കിടെ കൊണ്ടപ്പള്ളി സ്റ്റേഷനില്‍ ഒരു മണിക്കൂര്‍ ട്രെയിന്‍ പിടിച്ചിട്ടിരുന്നു. ഈ സമയം ട്രെയിനില്‍ നിന്നും പുറത്തിറങ്ങിയ നൃപന്‍ തിരികെ വന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെയാണ് നൃപന്റെ മൃതദേഹം റെയില്‍വേ പോലീസ് കണ്ടെത്തിയത്. ആന്ധ്രപോലീസാണ് നൃപന്റെ ബന്ധുക്കളെ മരണ വിവരം അറിയിക്കുന്നത്. വിജയവാഡ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനായി ബന്ധുക്കള്‍ വിജയവാഡയ്ക്ക് തിരിച്ചു.