സേലത്ത് മലയാളികള്‍ കൊല്ലപ്പെട്ട സംഭവം; കൊലയ്ക്ക് പിന്നില്‍ ഇറിഡിയം തട്ടിപ്പ് സംഘമെന്ന് പോലീസ്

സേലം ധര്‍മപുരിയില്‍ രണ്ട് മലയാളെകള്‍ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍. വാരപ്പുഴ സ്വദേശി ശിവകുമാര്‍, കുന്നുകുഴി സ്വദേശി നെവിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വെട്ടേറ്റ നിലയിലാണ് പെരിയഅല്ലി വനമേഖലയ്ക്കടുത്ത് റോഡരികില്‍ കണ്ടെത്തിയത്.

ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. അറസ്റ്റിലായ മേട്ടൂര്‍ സ്വദേശിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട വാരപ്പുഴ സ്വദേശി ശിവകുമാറിന്റെ വീട്ടില്‍ പോലീസ് പരിശോധനടത്തി.

Loading...

കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പോലീസ് കേരളത്തിലും അന്വേഷണം നടത്തുന്നുണ്ട്. ശിവകുമാറിന് പോലീസുകാരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് ശിവകുമാര്‍ പരാതിനല്‍കിയിരുന്നു. സേലത്തെ ഹോട്ടലില്‍ എത്തി ഭീഷണിപ്പെടുത്തിയത് തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരാണെന്നും ഇവര്‍ പോലീസ് ഉദ്യോഗസ്ഥരാണെന്നും മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ ശിവകുമാര്‍ പറഞ്ഞിരുന്നു.

പുരാവസ്തുക്കള്‍ വിദേശത്തേക്ക് കയറ്റി അയച്ച് വലിയ ലാഭം കിട്ടുമെന്ന് പറഞ്ഞ് നിരവധി വ്യക്തികളില്‍ നിന്നും ശിവകുമാര്‍ പണം മേടിച്ചിരുന്നു. തിരുവനന്തപുരത്തെ ഒരാളില്‍ നിന്നും മേടിച്ച ഒരു കോടിയോളം രൂപ തിരികെ നല്‍കാതെ വന്നതോടെയാണ് ഭീഷണിപ്പെടുത്തിയത് എന്നാണ് വിവരം. അതേസമയം ഇറിഡിയം വില്‍പ്പനയുമായി ബന്ധപ്പെട്ട് എത്തിയ സംഘം ഇരുവരെയും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുന്നു.

ഇറിഡിയം തട്ടിപ്പുമായി ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇരുവരും ലോഡ്ജില്‍ നിന്നും ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.