അബുദാബിയില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി ദമ്പതികളെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് പട്ടേരി വീട്ടില്‍ ജനാര്‍ദ്ദനെയും ഭാര്യ മിനിജയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനാര്‍ദ്ദനന് ജോലി നഷ്ടമായതിനെ തുടര്‍ന്നുള്ള മനോ വിഷമത്തില്‍ ദമ്പതികള്‍ ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം.

ദമ്പതികള്‍ താമസിച്ചിരുന്ന അബൂദബി മദീന സായിദിലെ ഫ്‌ളാറ്റിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രാവല്‍ ഏജന്‍സിയിലെ അക്കൗണ്ടന്റായിരുന്നു 58 കാരനായ ജനാര്‍ദ്ദന്‍. ഭാര്യ മിനിജ സ്വകാര്യ സ്ഥാപനത്തിലെ ഓഡിറ്റിങ് അസിസ്റ്റന്റാണ്. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം അബൂദബിയില്‍ കഴിയുകയായിരുന്നു ജനാര്‍ദ്ദന്‍. ദിവസങ്ങള്‍ക്ക് മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നു. താമസിക്കുന്ന ഫ്‌ലാറ്റിന്റെ വാടകയും കുടിശ്ശികയുണ്ടായിരുന്നു.

Loading...

നാട്ടിലുള്ള മകനും അബൂദബിയിലെ സുഹൃത്തുക്കള്‍ക്കും ഇവരെ ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. മകന്‍ സുഹൈല്‍ ജനാര്‍ദനന്‍ ഇമെയില്‍ മുഖേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബൂദബി പൊലീസ് ഫ്‌ളാറ്റിന്റെ വാതില്‍ ഇടിച്ചു തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ ജീവനൊടുക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.