റിയാദില്‍ ജോലിക്കിടെ വീണ് പരുക്ക് പറ്റി ചികിത്സയിലായിരുന്ന മലയാളി യുവാവിന് ഒടുവില്‍ ദാരുണാന്ത്യം

റിയാദ്: ജോലിക്കിടെ തലകറങ്ങി വീണ് തലച്ചോറിന് ക്ഷതമേറ്റ് റിയാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. മലപ്പുറം ചെമ്മാട് സ്വദേശി 42കാരനായ ഫൈസലല്‍ പറമ്പന്‍ ആണ് മരിച്ചത്. റിയാദ് മന്‍ഫുഅയിലെ അല്‍ഈമാന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സിസി ടിവി ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 16ന് മന്‍ഫുഅ ഹരാജിലുള്ള ഒരു കടയില്‍ കാമറകള്‍ ഘടിപ്പിക്കുന്നതിനിടയില്‍ തലകറങ്ങി മൂന്ന് മീറ്റര്‍ ഉയരമുള്ള കോണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചയില്‍ തല കോണ്‍ക്രീറ്റ് പടിക്കെട്ടില്‍ ഇടിച്ച് ഗുരുതര പരുക്ക് പറ്റി. ഉടന്‍ തന്നെ ബോധവും നഷ്ടപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 10 ദിവസത്തിനിടയില്‍ ഒരിക്കല്‍ പോലും ബോധം തെളിഞ്ഞിരുന്നില്ല. രണ്ട് ദിവസം മുമ്പ് മസ്തിഷ്‌ക മരണവും സംഭവിച്ചു. വ്യാഴാഴ്ച മരണം സ്ഥിരീകരിച്ചു. മൃതദേഹം റിയാദില്‍ ഖബറടക്കും.

Loading...

2003 മുതല്‍ റിയാദില്‍ പ്രവാസിയാണ് ഫൈസല്‍. സാമൂഹിക പറമ്പന്‍ മൊയ്ദീന്‍, ഫാത്വിമ ബീവി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ഫസീല യാറത്തുംപടി, മക്കള്‍: ഫസല്‍ നിഹാന്‍, ഫിസാന ഫെമി, ഫൈസന്‍ ഫൈസല്‍. സഹോദരന്‍ ശംസുദ്ദീന്‍ പറമ്പന്‍ റിയാദിലുണ്ട്.