സ്വർണ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് 100 പവൻ കവർന്ന് കേസ്; പിന്നിൽ മലയാളി സംഘമെന്ന് സൂചന

തിരുവനന്തപുരത്ത് സ്വർണ വ്യാപാരിയെ മുളകുപൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം 100 പവൻ കവർന്നതിന് പിന്നിൽ മലയാളി സംഘമെന്ന് സൂചന ലഭിച്ചു. സ്വർണ്ണ ഇടപാടിനെക്കുറിച്ചു അറിയാവുന്നവർ നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാര൦ ആക്രമിച്ചതാണെന്നു പോലീസ് പറയുന്നു. ആഭരണങ്ങൾ നിർമ്മിച്ച് ജ്വല്ലറികൾക്ക് കൈമാറുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്തിന്റെ കൈവശമുണ്ടായിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. ആറ്റിങ്ങൽ ഡിവൈഎസ്പി സിപി ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

സമ്പത്ത് സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയ ശേഷം കവർച്ചാ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയും മുളകുപൊടി എറിഞ്ഞ ശേഷം സ്വർണം കവരുകയുമായിരുന്നു. സമ്പത്തിനൊപ്പം കാറിലുണ്ടായിരുന്ന ബന്ധു ലക്ഷ്മണയെ കാണാനില്ല. മുന്നിലും പിന്നിലും കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. വെട്ടുകത്തിവച്ച് കാറിന്റെ മുൻവശത്തെ ഗ്ലാസ് തകർത്ത ശേഷം കണ്ണിൽ മുകളുപൊടി എറിയുകയായിരുന്നു. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്‌നോ സിറ്റിക്ക് സമീപം കവർച്ച നടന്നത്. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Loading...