മനുഷ്യക്കടത്ത് , മലയാളിയും കൂട്ടാളിയായ യുവതിയും കുവൈറ്റില്‍ പിടിയില്‍, കെണിയില്‍ പെട്ടത് അധികവും മലയാളികള്‍

കുവൈത്ത് സിറ്റി : മനുഷ്യക്കടത്തിന്റെ പേരില്‍ മലയാളിയും കൂട്ടാളിയായ യുവതിയും കുവൈറ്റില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ എഡിസണ്‍ ജോര്‍ജ് ഫെര്‍ണാണ്ടസും തമിഴ്നാട് സ്വദേശിനി സെലിന്‍ മേരി റോബിന്‍സനുമാണു പിടിയിലായത്. ഇവരെ നാടുകടത്താന്‍ നടപടി തുടങ്ങി.

ഹവല്ലി കേന്ദ്രീകരിച്ച് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ഇവര്‍ ഹോം കെയര്‍ ഓഫീസ് നടത്തി വരികയായിരുന്നു. ഇവര്‍ മുഖാന്തിരം എത്തിയ തമിഴ്നാട് സ്വദേശിനി, നാട്ടില്‍ പോകാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് കഴിഞ്ഞ ആഴ്ചയില്‍ എംബസിയെ സമീപിച്ചിരുന്നു. സ്തനാര്‍ബുദം ബാധിച്ച യുവതിയുടെ പാസ്പോര്‍ട്ട് നല്‍കാന്‍ എഡിസനോട് എംബസി നിര്‍ദേശിച്ചു. എന്നാല്‍, ഇഖാമ റദ്ദാക്കിത്തരാമെന്നു പറഞ്ഞ് എംബസിയില്‍ വച്ച് അവരുടെ സിവില്‍ ഐഡി വാങ്ങിയ ശേഷം എഡിസണ്‍ മുങ്ങി. തുടര്‍ന്നായിരുന്നു ഇരുവരെയും പിടികൂടിയത്.

Loading...

കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ള നഴ്സുമാരും വീട്ടു ജോലിക്കാരുമാണ് ഇവരുടെ കെണിയില്‍പ്പെട്ടിരുന്നത്. എണ്‍പതില്‍പ്പരം പേരെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയില്‍ നിയമപ്രകാരമല്ലാതെ കുവൈത്തില്‍ എത്തിച്ച രേഖകള്‍ ഇവരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. രഹസ്യാന്വേഷണവിഭാഗം പിടികൂടുമ്‌ബോള്‍ മലയാളികള്‍ അടക്കമുള്ള ആറു പേരുമുണ്ടായിരുന്നു. പത്ത് പാസ്പോര്‍ട്ടുകളും പിടിച്ചെടുത്തു. ഇവര്‍ക്കു ലൈസന്‍സോ, ഓഫീസോ ഇല്ല. ഇവരുടെ പക്കല്‍ അല്‍ നൂര്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസ് എന്ന പേരീലുള്ള നൂറു കണക്കിന് വിസിറ്റിംഗ് കാര്‍ഡുകളുണ്ടായിരുന്നു.