കൊവിഡ് പോസിറ്റീവ് ആയി;മലയാളി നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു, നില ഗുരുതരം

ഹരിയാന: കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയില്‍ മൂന്ന് മാസം മുന്‍പ് ജോലിക്ക് കയറിയ കൊല്ലം സ്വദേശിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യ ശ്രമം നടത്തിയ യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്. രണ്ട് ദിവസം മുന്‍പായിരുന്നു ഇവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമായത്. ഇന്ന് ഉച്ചയോടെ പരിശോധനഫലം പോസിറ്റീവ് ആണെന്ന റിസള്‍ട്ടും വന്നു. തുടര്‍ന്നാണ് നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. നഴ്‌സിനെ ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് ഇതുവരെ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം ഡൽഹി എയിംസില്‍ ഇതുവരെ 195 ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെ ഡൽഹി എയിംസില്‍ കൊവിഡ് സ്ഥിരീകരിച്ചത് 50 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. ഡോക്ടർമാർ, നഴ്സിംഗ് ജീവനക്കാർ, ഗാർഡുകൾ, ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവര്‍ക്കാണിത്. ഡൽഹി സ‍ർക്കാരിന്‍റെ കണക്കുകൾ പ്രകാരം മാർച്ച് 14 മുതൽ മെയ് ഒമ്പത് വരെ 68 മരണങ്ങളാണ് സംഭവിച്ചത്. രണ്ടാഴ്ചയിൽ രാജ്യതലസ്ഥാനത്തെ മരണസംഖ്യയിൽ വലിയ വർദ്ധനവാണ് ദൃശ്യമായത്.കഴിഞ്ഞ ശനിയാഴ്ച്ച മാത്രം 30 മരണങ്ങൾ സംഭവിച്ചു. ചൊവ്വാഴ്ച വരെ 288 മരണങ്ങളാണ് സർക്കാർ നല്‍കുന്ന കണക്ക്. എന്നാൽ മെയ് ഒമ്പതിന് ശേഷം മരണ സംഖ്യയിലുണ്ടായത് വലിയ ഉയർച്ചയാണ്. ഇരുപത് ദിവസത്തിൽ 220 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Loading...