ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രവാസജീവിതത്തില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ കൈവരിച്ചതിനു പുറമെ സമൂഹത്തില്‍ വഴിവിളക്കായി പ്രകാശം പരത്തിയ ഒമ്പതുപേരെ പ്രവാസി ചാനലിന്റെ നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡിന്റെ ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്തു. ഓണ്‍ലൈന്‍ വോട്ടിംഗ് വഴി ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവരിലൊരാള്‍ക്ക് ‘നാമി -2015’ അവാര്‍ഡ് സമ്മാനിക്കും. എല്ലാ ഫൈനലിസ്റ്റുകളേയും പ്രത്യേകം പുരസ്‌കാരം നല്‍കി ആദരിക്കുന്നതുമാണ്.
ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, നാടകാചാര്യന്‍ പി.ടി ചാക്കോ മലേഷ്യ, ആദ്യകാല സംഘടനാ നേതാവ് ടി.എസ്. ചാക്കോ, ഭിഷഗ്വരനും, മെഡിക്കല്‍ ലോകം ടിവി വഴിയും വാര്‍ത്തകള്‍ വഴിയും സാധാരണ ജനങ്ങളിലെത്തിക്കുന്ന ഡോ. റോയി പി. തോമസ്, എഫ്.ഐഎ, എന്‍.എഫ്.ഐ.എ, ഗോപിയോ എന്നിവയുടെയെല്ലാം സ്ഥാപന്‍ ഡോ. തോമസ് ഏബ്രഹാം എന്നിവരെയാണ് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി നോമിനേറ്റ് ചെയ്തത്.
അര്‍ഹരായ ഒട്ടേറെ പേര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. വരും വര്‍ഷങ്ങളില്‍ അവരേയും പരിഗണിക്കും. അമേരിക്കന്‍ മലയാളി സമൂഹത്തിനു വ്യത്യസ്തമായ മേഖലകളില്‍ തനതായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ളവരാണ് എല്ലാവരും.
അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കാന്‍ ലോകത്തെവിടെന്നും വോട്ട് ചെയ്യാനുള്ള സംവിധാനമാണ് പ്രവാസി ചാനല്‍ ഒരുക്കിയിരിക്കുന്നത്.
ഫൊക്കാനാ മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയാണ്. ആദ്യത്തെ ‘പേ ചെക്ക്’ തന്നത് മറിയാമ്മ ചേച്ചിയാണ് എന്നു പറയുന്ന നിരവധി പേര്‍ അവരുടെ സഹായങ്ങളെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. എഴുപതുകളിലും എണ്‍പതുകളിലും എത്തിയ നേഴ്‌സുമാര്‍ക്ക് ജോലി നല്‍കാനും ഭാഷാപരിജ്ഞാനം നല്‍കാനുമൊക്കെ അവര്‍ മുമ്പിലുണ്ടായിരുന്നു. എണ്‍പതുകളില്‍ പത്തു ഹോസ്പിറ്റലുകളുടെ ചുമതല അവര്‍ക്കായിരുന്നു. അക്കാലത്ത് നിരവധി പേര്‍ക്കാണ് അവര്‍ നേഴ്‌സിംഗിലും മറ്റു രംഗത്തും ജോലി വാങ്ങി നല്‍കിയത്.
ഒരു ദേശീയ സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായ അവര്‍ ഫൊക്കാന നേതൃത്വത്തില്‍ പല തലത്തില്‍ പ്രവര്‍ത്തിച്ചു. മികച്ച നേഴ്‌സിംഗ് ഹോം നടത്തുന്നതിനുള്ള ആറ് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ജനങ്ങളെ വോട്ടര്‍മാരാക്കാനുള്ള ശ്രമത്തിനു പ്രസിഡന്റിന്റെ ബഹുമതി ലഭിച്ചു. പുത്രന്‍ രാജീവിനൊപ്പം ഹെല്‍ത്ത് കെയര്‍ സ്ഥാപനം നടത്തുന്നു. ഭര്‍ത്താവ് ചന്ദ്രന്‍ പിള്ള, പുത്രി റോഷ്‌നി ചേസ് ബാങ്കില്‍ സീനിയര്‍ വൈസ് പ്രസിഡന്റാണ്. റാന്നി സ്വദേശി.
തുമ്പമണ്ണില്‍ നിന്ന് ഇരുപത്തൊന്നാം വയസില്‍ മലേഷ്യയിലേക്ക് ചേക്കേറിയ പി.ടി. ചാക്കോ അവിടെ കലാരംഗത്തും സംഘടനാ രംഗത്തും സജീവമായി. ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും അവതരിപ്പിക്കുകയും അഭിനയിക്കുകയും ചെയ്തു. അമേരിക്കയിലെത്തിയശേഷം ന്യൂജേഴ്‌സിയില്‍ മലയാളം ഫൈന്‍ ആര്‍ട്‌സ് സ്ഥാപിച്ചു. ഫൈന്‍ ആര്‍ട്‌സ് 15 നാടകങ്ങള്‍ അവതരിപ്പിച്ചു. അതില്‍ ഒമ്പതെണ്ണം അദ്ദേഹം എഴുതിയതായിരുന്നു.
സമയം നഷ്ടപ്പെടുത്തരുതെന്നും ഉത്തരവാദിത്വങ്ങളില്‍ നിന്നും ഓടിപ്പോകരുതെന്നും ഉപദേശിക്കുന്ന നാടകാചാര്യന് ഇപ്പോള്‍ പ്രായം 83. ചെവി കേള്‍ക്കാന്‍ പ്രയാസമുണ്ടെങ്കിലും തനിക്ക് അത്ര പ്രായമായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഭാര്യ മോളി. 55 വര്‍ഷത്തെ ദാമ്പത്യം അവര്‍ പൂര്‍ത്തിയാക്കി.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്നും മികച്ച നേഴ്‌സിനുള്ള അംഗീകാരം നേടിയിട്ടുള്ള ഡോ. ആനി പോള്‍ ഇവിടുത്തെ നേഴ്‌സിംഗ് രംഗത്ത് ബഹുമതികള്‍ നേടി. സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന അവര്‍ ഫൊക്കാനയില്‍ നേതൃസ്ഥാനങ്ങള്‍ വഹിച്ചു. ന്യൂസിറ്റി ലൈബ്രറിയുടെ പ്രസിഡന്റായി രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടു. ക്ലാര്‍ക്‌സ് ടൗണ്‍ കൗണ്ടി കൗണ്‍സിലിലേക്ക് 7000 -ല്‍പ്പരം വോട്ട് നേടിയെങ്കിലും 2010-ല്‍ അവര്‍ പരാജയപ്പെട്ടു. അടുത്തവര്‍ഷം റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഏറ്റവും ഉയര്‍ന്ന തെരഞ്ഞെടുക്കപ്പെട്ട സ്ഥാനം വഹിക്കുന്ന വനിത ഡൊമിനിക്കന്‍ കോളജില്‍ അഡ്ജംക്ട് പ്രൊഫസറായും പ്രവര്‍ത്തിക്കുന്നു. ഭര്‍ത്താവ് അഗസ്റ്റിന്‍ പോള്‍. മൂന്നു മക്കള്‍.
ഫൊക്കാനയിലും പിന്നീട് ഫോമയിലും നേതൃത്വനിരയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ച ആനന്ദന്‍ നിരവേല്‍ ഫോമാ പ്രസിഡന്റായപ്പോള്‍ ആ സ്ഥാനത്തേക്കുള്ള ഏറ്റവും അര്‍ഹനായ വ്യക്തിയായിരുന്നു. ന്യൂക്ലിയര്‍ ഫാര്‍മസിസ്റ്റായി വിരമിച്ച ആനന്ദന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ശ്രമിക്കുന്നു. ഫോമാ പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തനങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടാണുള്ളത്.
ഓഗസ്റ്റില്‍ നടക്കുന്ന കേരളാ കണ്‍വന്‍ഷന്‍ മികവുറ്റതാക്കാന്‍ ശ്രമിക്കുന്ന ആനന്ദന്‍ അടുത്തവര്‍ഷം മയാമിയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ചരിത്രം കുറിക്കുന്നതാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. അദ്ദേഹം പ്രസിഡന്റായിരുന്നപ്പോള്‍ കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ പങ്കെടുത്തവരുടെ എണ്ണംകൊണ്ടും പരിപാടികളുടെ മികവും ചിട്ടയുംകൊണ്ട് മുക്തകണ്ഠമായ പ്രശംസ പിടിച്ചുവാങ്ങിയതാണ്. ഭാര്യ സുഭദ്ര. മൂന്നു പെണ്‍മക്കളും ഡോക്ടര്‍മാരാണ്.
1968-ല്‍ ഇരുപത് അംഗങ്ങളുമായി ആരംഭിച്ച ടൊറന്റോ മലയാളി സമാജം നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിലൊന്നായി മാറിയതിനു പിന്നില്‍ ജോണ്‍ പി.ജോണിനു വലിയ പങ്കുണ്ട്. രണ്ടു കെട്ടിടങ്ങള്‍ സംഘടനയ്ക്കുണ്ട്. ഫൊക്കാനാ പ്രസിഡന്റായ ജോണ്‍ പി. ജോണ്‍ പത്തുതവണ അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു എന്നു പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ജനപിന്തുണ മനസിലാകും.
വീടുവെച്ചു നല്‍കുന്നതുള്‍പ്പടെയുള്ള ഫൊക്കാനയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ജോണ്‍ പി ജോണ്‍ നേതൃത്വം നല്‍കുന്നു. കേരള കണ്‍വന്‍ഷന്‍ കോട്ടയത്തു നടന്നുകഴിഞ്ഞു. ടൊറന്റോയില്‍ അടുത്ത വര്‍ഷം നടക്കുന്ന കണ്‍വന്‍ഷന്‍ ഏറ്റവും മികച്ചതായിരിക്കുമെന്നതില്‍ സൗമ്യമായ പുഞ്ചിരിയുമായി എല്ലാവരേയും സമീപിക്കുന്ന ജോണ്‍ പി. ജോണിനു സംശയമില്ല. കോട്ടയം കളത്തിപ്പടി സ്വദേശി. ഭാര്യ ആന്‍.
ഡോക്ടര്‍മാര്‍ പൊതുവെ ഗൗരവക്കാരാണെങ്കിലും ഡോ. റോയി പി. തോമസ് അമേരിക്കയിലെ ചിരിയുടെ ഉസ്താദുമാരിലൊരാളാണ്. കണ്‍വന്‍ഷനുകളില്‍ അദ്ദേഹം അവതരിപ്പിക്കുന്ന നര്‍മ്മവേദി ജനഹൃദയങ്ങള്‍ കീഴടക്കുന്നു. മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നര്‍മ്മത്തിലൂടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനല്ലാതെ മറ്റൊരാള്‍ക്ക് കഴിയുമെന്നു തോന്നുന്നില്ല.
ഈ നര്‍മ്മം തന്നെയാണ് മെഡിക്കല്‍ രംഗം സംബന്ധിച്ച് അദ്ദേഹം എഴുതുന്ന ലേഖനങ്ങളിലും കൈരളി ടിവിയില്‍ അവതരിപ്പിക്കുന്ന 500 എപ്പിസോഡ് പിന്നിട്ട പരമ്പരയിലും തെളിയുന്നത്. നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റോ ഷോ കണ്ടാണ് പല അറിവുകളും ആര്‍ജ്ജിക്കുന്നത്.
ഫൊക്കാന, എ.കെ.എം.ജി, ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍, എഫ്.ഐ.എ, സാഹിത്യവേദി തുടങ്ങിയ സംഘടനകളുടെ തുടക്കക്കാരിലൊരാളാണ് അദ്ദേഹം എന്നു പറയുമ്പോള്‍ അദ്ദേഹം ജനജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വ്യക്തമാകും. കഴിഞ്ഞ വര്‍ഷം ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഇദ്ദേഹത്തെ പ്രത്യേക അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 2002-ലെ ഫൊക്കാന കണ്‍വന്‍ഷനിലും അദ്ദേഹത്തെ ആദരിച്ചു. 1979-ല്‍ ഇന്ത്യാ ലീഗ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കി. യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ കാലം ചെയ്ത സാഖാ പ്രഥമന്‍ കാതോലിക്കാ ബാവ അദ്ദേഹത്തിന് 1993-ല്‍ കമാന്‍ഡര്‍ പദവി നല്‍കി. 2002-ല്‍ ജോണ്‍ പോള്‍ മാര്‍പാപ്പ അന്ത്യോഖ്യയില്‍ വെച്ച് പാത്രിയര്‍ക്കാസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രത്യേക ക്ഷണിതാവായിരുന്നു.
1970-ല്‍ അദ്ദേഹത്തിന്റെ ലണ്ടന്‍ കത്തുകള്‍ മലയാള മനോരമ സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍, മുന്‍മന്ത്രി കെ.ആര്‍. ഗൗരിയമ്മ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി വയലാര്‍ രവി എന്നിവരൊക്കെ അദ്ദേഹത്തിന്റേയും ഭാര്യ എല്‍സിയുടേയും ആതിഥ്യം അനുഭവിച്ചവരില്‍പ്പെടുന്നു.
അമേരിക്കയിലെ സംഘടനാ പ്രവര്‍ത്തനരംഗത്ത് നിസ്വാര്‍ത്ഥതയുടെ പ്രതീകമാണ് ടി.എസ് ചാക്കോ എന്ന ഇരവിപേരൂര്‍ സ്വദേശി. അമേരിക്കയില്‍ വന്ന 1983 മുതല്‍ സമൂഹ നന്മയ്ക്കും, വ്യക്തികള്‍ക്കു ജോലി വാങ്ങി കൊടുക്കുന്നതിനും മറ്റും അദ്ദേഹം നിരന്തരം പ്രവര്‍ത്തിച്ചു. ന്യൂജേഴ്‌സിയിലെ കേരളാ കള്‍ച്ചറല്‍ ഫോറം സ്ഥാപക പ്രസിഡന്റും ഇപ്പോള്‍ ആജീവനാന്ത രക്ഷാധികാരിയായും, ഫൊക്കാനയില്‍ വിവിധ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു.
ആദ്യ എക്യൂമെനിക്കല്‍ പ്രസ്ഥാനമായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് രൂപംകൊടുത്തവരില്‍ ഒരാള്‍, ഇപ്പോള്‍ വീണ്ടും പ്രസിഡന്റ്. മാര്‍ത്തോമാ സഭ മണ്ഡലം അംഗം. ജിമ്മി ജോര്‍ജ് ടൂര്‍ണമെന്റ് തുടങ്ങിയവയുടെയൊക്കെ സംഘാടകന്‍.
പ്രവാസികളുടെ പ്രശ്‌നമായ വിമാനയാ ത്രാക്ലേശം, പാസ്‌പോര്‍ട്ട് -വിസ പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ പരിഹരിക്കാന്‍ എന്നും മുന്നണിപ്പോരാളിയായിരുന്നു. നാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് കോടതിവഴി പരിഹാരം കണ്ടെത്താനും ശ്രമിച്ചു. കേരളത്തിലെ രാഷ്ട്രീയ നേതൃത്വവുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ടി.എസ് ചാക്കോയ്ക്ക് പ്രവാസി പ്രതിഭാ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചു. ഭാര്യ പരേതയായ കോട്ടയം തടത്തില്‍ ലീലാമ്മ. മൂന്നു പുത്രന്മാര്‍.
പ്രധാനപ്പെട്ട എല്ലാ അമേരിക്കന്‍ സംഘടനകളുടേയും തുടക്കക്കാരന്‍ എന്നു വിശേഷിപ്പിക്കാവുന്ന ഡോ. തോമസ് ഏബ്രഹാം 42 വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ പൗരനായി തുടരുന്നു.
എഴുപതുകളുടെ തുടക്കത്തില്‍ കൊളംബിയയിലെ പഠനകാലത്താണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ സ്ഥാപിതമാകുന്നത്. അതു പിന്നീട് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അമേരിക്ക അസോസിയേഷനായി. 1989-ല്‍ ഗോപിയോ സ്ഥാപിച്ചു. കേരളാ സെന്ററിന്റെ സ്ഥാപകരിലൊരാളും ഡയറക്ടറുമാണ്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ജഗദീഷ് ഭഗവതി ചെയര്‍ നാലു മില്യന്‍ ഡോളര്‍ എന്‍ഡോവ്‌മെന്റ് തുടങ്ങുന്നതിന് നേതൃത്വം നല്‍കി.
നാനോ ടെക്‌നോളജി രംഗത്തെ അറിയപ്പെടുന്ന വിദഗ്ധരിലൊരാളായ ഡോ. തോമസ് ഏബ്രഹാം ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനാണ് ഗോപിയോയ്ക്ക് രൂപംകൊടുത്തത്.
നാലു പതിറ്റാണ്ടു പിന്നിട്ട സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചു. ഇന്ത്യാ ഗവണ്‍മെന്റ് പ്രവാസി സമ്മാന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2012-ല്‍ കമ്യൂണിറ്റി സര്‍വീസിനുള്ള ഇന്ത്യാ എബ്രോഡിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു. ഡോ. സൂസിയാണ് ഭാര്യ. ഡോ. നിത്യ, എന്‍ജിനീയറായ ജയ് എന്നിവര്‍ മക്കള്‍.
ഫൊക്കാന, എന്‍.എഫ്.ഐ.എ എന്നിവയുടെ മുന്‍ പ്രസിഡന്റും, ശാസ്ത്രജ്ഞനുമായ ഡോ. പാര്‍ത്ഥസാരഥി പിള്ളയെ വാഷിംഗ്ടണ്‍ ഡി.സിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ തലതൊട്ടപ്പന്‍ എന്നാണ് ഇന്ത്യാ എബ്രോഡ് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ സമൂഹത്തിന്റെ നാനാവിധമായ വളര്‍ച്ചയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. അതുപോലെ തന്നെ ഇന്ത്യാ- യു.എസ് ബന്ധം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ 1992-ല്‍ അദ്ദേഹം പ്രസിഡന്റായിരുന്നപ്പോവാണ് തുടങ്ങിയത്.
ഇന്ത്യന്‍ എംബസിക്കു മുന്നില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിനും മുന്‍കൈ എടുത്തു. രാഷ്ട്രപതിയില്‍ നിന്ന് പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ നേടിയിട്ടുള്ള അദ്ദേഹം വിവിധ സംഘടനകളുടെ അവാര്‍ഡുകളും നേടിയിട്ടുണ്ട്.
ഏകദേശം മൂന്നു മാസം ഓണ്‍ലൈൻ വോട്ടിങ്ങിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്. ജൂലൈ മാസത്തിൽ ന്യൂ യോര്കിൽ വച്ച് നടക്കുന്ന ഒരു പരിപാടിയിൽ വച്ച് അവാർഡ് ജേതാവിനെ ആദരിക്കുന്നതായിരിക്കും. മലയാള സിനിമയിലെയും, കേരള രാഷ്ട്രീയത്തിലെയും അതികായർ, കൂടാതെ അമേരിക്കൻ രാഷ്ട്രീയ രംഗത്തെയും പ്രമുഖർ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാർഡ് നൽകുക.
ഇതിന്റെ സുഗമമായ നടത്തിപ്പിനായി ഒരു അഡ്വൈസറി കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്, അവരായിരിക്കും ഇതിന്റെ ഫൈനൽ തീരുമാനങ്ങൾ എടുക്കുക. സുതാര്യമായ നിബന്ധനകളിലൂടെ മാത്രമായിരിക്കും ഇത് നടത്തുക.