ലൈംഗികാതിക്രമം… മലയാളി വൈദികന്‍ ലണ്ടനില്‍ അറസ്റ്റില്‍

ലണ്ടന്‍: മുതിര്‍ന്ന സ്ത്രീക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളി വൈദികനെ ലണ്ടനില്‍ അറസ്റ്റു ചെയ്തു. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള സൗത്ത് ലണ്ടനിലെ കിംഗ് എഡ്‌വേര്‍ഡ് അവന്യൂവിലുള്ള കത്തോലിക്കാ പള്ളിയിലെ വൈദികന്‍ ടോബി ദേവസ്യ (33) ആണ് അറസ്റ്റിലായിരിക്കുന്നത്.

തിങ്കളാഴ്ചയാണ് വൈദികനെതിരെ പരാതി ഉയര്‍ന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസ് ജൂണ്‍ 24ന് കോടതി വീണ്ടും പരിഗണിക്കും. ‘ദി ലണ്ടന്‍ ഫ്രീ പ്രസ്’ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

Loading...

പള്ളിയില്‍ വൈദികനെ കാണാനെത്തിയ സ്ത്രീയെ വൈദികന്‍ ദുരുദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് കേസ്. അതേസമയം, ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ പരാതിക്കാരി തയ്യാറായില്ല.

സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ വൈദികനില്‍ നിന്നാണ് ദുരനുഭവമുണ്ടായതെന്ന് ഇവര്‍ പറയുന്നു. അഞ്ചുവര്‍ഷം മുന്‍പ് പൗരോഹിത്യം സ്വീകരിച്ചയാളാണ് ഈ വൈദികനെന്ന് സഭയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇദ്ദേഹം ഈ പള്ളിയില്‍ എത്തിയത്.

വൈദികനെ വസതിയില്‍ നിന്നും അറസ്റ്റു ചെയ്യുന്നതിന് താന്‍ സാക്ഷിയാണെന്ന് ലണ്ടനിലെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റായി പയസ് ജോസഫ് ദി ലണ്ടന്‍ ഫ്രീ പ്രസിനോട് പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇദ്ദേഹം പള്ളിയില്‍ ചുമതലയേറ്റതു മുതല്‍ വിശ്വാസ സമൂഹം ഏറെ സന്തോഷത്തിലായിരുന്നു. അദ്ദേഹം എല്ലായ്‌പോയും പള്ളിയില്‍ തന്നെ ഉണ്ടായിരുന്നുവെന്നും പയസ് ജോസഫ് ദി ലണ്ടന്‍ ഫ്രീ പ്രസിനോട് പറഞ്ഞു.