നയന്‍താരയ്ക്കായി വാടകഗര്‍ഭം ധരിച്ചത് നടിയുടെ ബന്ധുവായ മലയാളി

നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും വേണ്ടി വാടകഗര്‍ഭധാരണത്തിന് തയ്യാറായത് നടിയുടെ ബന്ധുവായ മലയാളി യുവതിയെന്നാണ് റിപ്പോര്‍ട്ട്. നയന്‍താരയുടെ ദുബായിലെ ബിസിനസ് കൈകാര്യം ചെയ്യുന്നത് ഇവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാടക ഗര്‍ഭധാരണം സംബന്ധിച്ച് ഇരുവരും തമിഴ്‌നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് ഇത് പുറത്തുവന്നത്.

നിയമ പ്രശ്‌നങ്ങള്‍ ഇല്ലെന്നു നടി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും. വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായ സംഭവത്തില്‍ താര ദമ്പതികളുടെ പുത്തന്‍ വെളിപ്പെടുത്തല്‍ ആരാധകരെ പോലും ഞെട്ടിക്കുന്ന വാര്‍ത്തയായിരിക്കുകയാണ്. ആറു വര്‍ഷം മുന്‍പ് വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് താര ദമ്പതികള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍.

Loading...

തമിഴ്‌നാട് ആരോഗ്യ വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ ആണ് നടി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിന് നടപടികള്‍ തുടങ്ങിയതെന്നും താരദമ്പതികള്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നു.

വിവാഹ റജിസ്റ്റര്‍ രേഖകളും സത്യവാങ്മൂലത്തോടൊപ്പം താര ദമ്പതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 5 വര്‍ഷം കഴിയാതെ വാടക ഗര്‍ഭധാരണത്തിന് നിലവില്‍ നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങള്‍ ജനിച്ച വിവരം പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്.