മാനന്തവാടി: വയനാട് സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ യാത്രാമധ്യേ കാണാനില്ലെന്ന് പരാതി. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിശ്വ ഏക്ത കപ്പലിലെ ട്രെയിനി ഉദ്യോഗസ്ഥന്‍ വയനാട് മാനന്തവാടിക്കടുത്ത വാളാട് സ്വദേശി നരിക്കുഴിയില്‍ ഷാജി, ഷീജ ദമ്പതികളുടെ മകന്‍ എന്‍.എസ് പ്രജിത്തിനെ കാണാനില്ലെന്നാണ് പരാതി.
കമ്പനി ജീവനക്കാര്‍ വീട്ടുകാരെ അറിയിച്ചത് പ്രകാരം വിശാഖപട്ടണത്ത് നിന്നും ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേ പ്രജിത്തിനെ കാണാതാകുയികയായിരുന്നു. വിശാഖപട്ടണത്ത് നിന്നും കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ ചരക്കുമായി യാത്ര തിരിച്ചത്. അന്നാണ് പ്രജിത്ത് അവസാനമായി വീട്ടിലേക്ക് വിളിച്ചതും. വെളളിയാഴ്ച അമ്മയ്ക്ക് ഫോണില്‍ സന്ദേശമയക്കുകയും ചെയ്തിരുന്നു. തീരത്തേക്കെത്താന്‍ കുറച്ച് ദിവസം കൂടിയെടുക്കുമെന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്.
കമ്പനി ജീവനക്കാരാണ് പ്രജിത്തിനെ കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. ശനിയാഴ്ച രാവിലെ ജീവനക്കാരുടെ അറ്റന്‍ഡന്‍സ് എടുക്കുമ്പോള്‍ പ്രജിത്തിനെ കാണാനില്ലെന്നും വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ഉറങ്ങാന്‍ പോയതായിരുന്നുവെന്നുമാണ് കപ്പല്‍ ജീവനക്കാര്‍ നല്‍കിയ വിശദീകരണം. കപ്പല്‍ തിരിച്ചുപോയി തിരച്ചില്‍ നടത്തിയെന്നും തിങ്കളാഴ്ച ഉച്ചവരെവരെ തിരച്ചില്‍ തുടരുമെന്നും അറിയിച്ചിരുന്നു.
കാണാതായ പ്രജിത്ത് എന്‍ജിനിയറിംഗ് ബിരുദദാരിയാണ്. സെപ്തംബര്‍ 13 നാണ് കപ്പിലിലെ ജോലിക്കായി പ്രജിത്ത് പോയത്. തുടര്‍ന്ന് ഒരുമാസത്തോളം വിശാഖപട്ടണത്ത് തന്നെയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. കപ്പല്‍ ഇപ്പോഴും തീരത്തടുക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങളും വീട്ടുകാര്‍ക്ക് ലഭ്യമായിട്ടില്ല.