എട്ട് കുട്ടികളുടെ അമ്മയായ മലയാളി യുവതി കൊടൈക്കനാലിൽ തുങ്ങിമരിച്ചു

എട്ടുകുട്ടികളുടെ അമ്മയായ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് സ്ത്രീകൾ കൊടൈക്കനാലിൽ റോഡ് ഉപരോധിച്ചു.  കൊടൈക്കനാൽ എം എം സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന മാഹി കാനോത്ത് വിട്ടിൽ എൻ കെ ഷാജിന്‍റെ ഭാര്യ രോഹിണി നമ്പ്യാരാ(44)ണ് വ്യാഴാഴ്ച രാത്രി വീട്ടില്‍ തൂങ്ങി മരിച്ചത്.

പ്രദേശത്ത് വെള്ളം ലോറി ജോലിക്കാരനായ ജയശീലൻ എന്നയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു രോഹിണിയുടെ ആത്മഹത്യാ കുറിപ്പ്. വെള്ളം വിതരണക്കാരനെതിരായ ആരോപണത്തിനൊപ്പം തന്നെ കൊടൈക്കനാലിൽത്തന്നെ സംസ്കരിക്കണമെന്നും ചിതയ്ക്ക് ഭർത്താവ് തീക്കൊളുത്തണമെന്നും രോഹിണിയുടെ കുറിപ്പ് ആവശ്യപ്പെടുന്നുണ്ട്.

വിവരം പുറത്തറിഞ്ഞതോടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെ നാട്ടുകാര്‍ വഴിതടഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്താലേ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കൂ എന്നും നാട്ടുകാര്‍ ആവ്യപ്പെട്ടു. തുടർന്ന് പൊലീസ് ഉറപ്പ് നല്‍കിയതിന് ശേഷമാണ് മൃതദേഹം സംസ്കരിക്കാന്‍ അനുവദിച്ചത്. ജയശീലനെതിരെ രോഹിണി നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നെന്നും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു. ഭാര്യയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് എൻ കെ ഷാജ് തമിഴ്‌നാട് ഡിജിപിക്കും പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദശരഥ് സാഗർനരിമാൻ, ഹിന്ദ്‌സൂരജ് നരസിംഹൻ, റാംസപ്‌തേശ്വർ ഋഗ്വേദ്, മയ്യഴി സ്വാതിസൻസ്‌കൃത, ദ്രുപദ് സന്യാസ് രക്ഷാബന്ധൻ, ഒക്ടേവിയൻ സംവിദ് ഋതധ്യുമ്‌നൻ, ഋതുസംയൂജ് ഏർലിമാൻ, യാരിയ സംഗീത് നിരഞ്ജൻ എന്നിവരാണ് മക്കൾ.

മാഹി മുണ്ടേരിയിലെ നാരായണൻ നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകളാണ് രോഹിണി നമ്പ്യാര്‍. എട്ടുവർഷമായി കൊടൈക്കനാലിലാണ് ഇവരുടെ താമസം. മക്കളുടെ വിദ്യഭ്യാസത്തിന് വേണ്ടിയാണ് ഇവര്‍ കൊടൈക്കനാലിലേക്ക് താമസം മാറിയത്.

Top