മാലിദ്വീപിലെ രാഷ്ട്രീയപ്രതിസന്ധി ട്രംപ് മോദിയുമായി ചര്‍ച്ച നടത്തി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് മാലിദ്വീപിലെ രാഷ്ട്രീയപ്രതിസന്ധി ചര്‍ച്ച ചെയ്തു. ദ്വീപിലെ ക്രമസമാധാന സ്ഥിതിയും ജനാധിപത്യസ്ഥാപനങ്ങളോടുള്ള ഭരണകൂടത്തിന്റെ സമീപനത്തിലും ഇരുരാജ്യങ്ങളും ആശങ്ക പങ്കുവെച്ചു. പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിക്ക് മുന്നിലുള്ള വലിയ നയതന്ത്രവെല്ലുവിളിയാണ് മാലിദ്വീപിലെ രാഷ്ട്രീയപ്രതിസന്ധി. വിദേശകാര്യമന്ത്രിയെ ഇന്ത്യയിലേക്ക് അയക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുകൂലനിലപാട് സ്വീകരിച്ചില്ലെന്ന് ഇന്ത്യയിലെ മാലിദ്വീപ് സ്ഥാനപതി അഹമ്മദ് മുഹമ്മദ് വിമര്‍ശനം ഉന്നയിച്ചിരുന്നു .

സൈനികനീക്കം നടത്തണമെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതുമുന്നില്‍കണ്ട് ചൈന, പാക്കിസ്ഥാന്‍, സൗദിഅറേബ്യ എന്നീ രാജ്യങ്ങളുടെ സഹായം തേടിയിരിക്കുകയാണ് നിലവിലെ മാലി പ്രസിഡന്റ് അബ്ദുള്ള യമീന്‍. ഈ പശ്ചാത്തലത്തിലായിരുന്നു മോദിയുമായി അമേരിക്കന്‍ പ്രസിഡന്റിന്റെ ചര്‍ച്ച.

Loading...

ഇന്തോ പസഫിക് മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിനായി ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്നും ട്രംപ് മോദിയോടു പറഞ്ഞു. ഉത്തരകൊറിയയിലെ ആണവനിരായുധീകരണവും രോഹിങ്ക്യ വിഷയവും ചര്‍ച്ചയായി. സൈനികനടപടിയിലേക്ക് ഇന്ത്യ നീങ്ങിയാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള നാറ്റോരാജ്യങ്ങള്‍ പിന്തുണയുമായി എത്തുമെന്നാണ് വിലയിരുത്തല്‍. അതിനിടെ ദ്വീപില്‍ ചൈനപിടിമുറുക്കുന്നതായി ഇന്ത്യയിലെ മാലിദ്വീപ് സ്ഥാനപതി അഹമ്മദ് മുഹമ്മദ് തുറന്നുസമ്മതിച്ചു.