വീണ്ടും വെള്ളം കയറി, നടി മല്ലിക സുകുമാരനെ റബ്ബര്‍ബോട്ടില്‍ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു

തിരുവനന്തപുരം: നടി മല്ലികാ സുകുമാരന്റെ വീട്ടില്‍ വീണ്ടും വെള്ളം കയറി. വെള്ളം കയറിയതിനെ തുടര്‍ന്ന് മല്ലിക സുകുമാരനെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. കുണ്ടമണ്‍കടവ് ഏലാ റോഡിലെ 13 വീടുകളിലാണ് വെള്ളം കയറിയത്. കരമനയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെയാണ് വെള്ളം കയറിയത്. ഇതോടെ അഗ്‌നിരക്ഷാസേനയുടെ റബ്ബര്‍ബോട്ട് കൊണ്ടുവന്ന് വീടുകളിലുള്ളവരെ കരയിലേക്ക് മാറ്റി.

2018 ലും ഈ ഭാഗത്ത് വെള്ളം കയറിയതിനെത്തുടര്‍ന്ന് മല്ലികാസുകുമാരന്‍ ഉള്‍പ്പടെയുള്ളവരെ മാറ്റിയിരുന്നു. ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാന്‍ കാരണമായതെന്ന് മല്ലികാസുകുമാരന്‍ പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാര്‍ക്ക് വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. വീടിനുപിറകിലെ കനാല്‍ ശുചിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മൂന്നുവര്‍ഷമായി നടപടിയുണ്ടായില്ലെന്നും മല്ലിക വിമര്‍ശിച്ചു.

Loading...