ചങ്കൂറ്റമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്ക്, ജയിലില്‍ കിടന്നും തെരഞ്ഞെടുപ്പ് നേരിടും; മമത ബാനര്‍ജി

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പശ്ചിമബംഗാളില്‍ ബി.ജെ.പിയും തൃണമൂല്‍ നേതാക്കളും തമ്മിലുള്ള വാക്പോര് ഇപ്പോഴും തുടരുകയാണ്.തൃണമൂല്‍ നേതാക്കളെ പണം കൊടുത്ത് സ്വാധീനിച്ച് തങ്ങളുടെ പാളയത്തിലാക്കാനാണ് ബിജെപി ശ്രമമെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതോടെ പോര് കൂടുതല്‍ മുറുകിയിരിക്കുകയാണ്.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബന്‍കുര ജില്ലയില്‍ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു മമതയുടെ ആരോപണം. തന്നെ ജയിലില്‍ അടച്ചാലും തെരഞ്ഞെടുപ്പില്‍ അന്തിമ വിജയം തൃണമൂലിന് തന്നെയായിരിക്കുമെന്നും മമത പറഞ്ഞു.’ഒരു കാര്യം ഞാന്‍ വ്യക്തമായി പറയുകയാണ്. ബി.ജെ.പിയേയോ അവരുടെ ഏജന്‍സികളെയോ എനിക്ക് ഭയമില്ല. ചങ്കൂറ്റമുണ്ടെങ്കില്‍ എന്നെ ഒന്ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്ക്. ജയിലില്‍ കിടന്നും ഞാന്‍ തെരഞ്ഞെടുപ്പ് നേരിടും. തൃണമൂല്‍ കോണ്‍ഗ്രസ് ജയിക്കുകയും ചെയ്യും’, മമത പ്രതികരിച്ചു.

Loading...