സോഷ്യല്‍ മീഡിയയിലെ ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയതായുള്ള വാര്‍ത്തകളാണ്.  ഇരു സൂപ്പര്‍താരങ്ങളെയും ഒരുമിപ്പിച്ച് ഷാജി കൈലാസ് ഒരുക്കാനിരുന്ന ചിത്രം മമ്മൂട്ടിയുടെ പിടിവാശി മൂലം ഉപേക്ഷിച്ചതായാണ് വാര്‍ത്തകള്‍. മമ്മൂട്ടിയുടെ നിലപാട് മൂലം ചിത്രം ഉപേക്ഷിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്ന് ഷാജി കൈലാസ് മനീഷ് നാരായണനോട് അഭിമുഖത്തില്‍ പറഞ്ഞതായുള്ള വാര്‍ത്തയാണ് ഇത്തരമൊരു ചര്‍ച്ചക്ക് തിരികൊളുത്തിയത്.

ഏറെ ചര്‍ച്ചയായ മോഹന്‍ലാല്‍ – മമ്മൂട്ടി പ്രൊജക്ടിന് പിന്നീട് എന്താണ് സംഭവിച്ചതെന്നും ഷാജി കൈലാസ് മനീഷ് നാരായണനോട് പറഞ്ഞത്.

Loading...

“മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടിയുള്ള രണ്ട് അസ്സല്‍ കഥാപാത്രങ്ങളെ ഉണ്ടാക്കിയ ശേഷമാണ് ആ ചിത്രത്തിന് വേണ്ടി രണ്‍ജിയും രഞ്ജിതും കഥയുണ്ടാക്കിയിരുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ചെയ്താല്‍ മാത്രമേ ആ കാരക്ടേഴ്‌സും സിനിമയും സാധ്യമാകൂ. പക്ഷേ മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി അങ്ങനെ നിലപാട് വ്യക്തമാക്കിയതോട് ആ പ്രൊജക്ട് അങ്ങ് ഉപേക്ഷിച്ചു. ഞാനും അതങ്ങ് വിട്ടു. അല്ലെങ്കില്‍ ഇവരെ വച്ച് വെവ്വേറെ സിനിമയുണ്ടാക്കണം. രണ്‍ജിയും രഞ്ജിത്തും ഞാനും പിന്നെ അത് ഫോളോ ചെയ്യാനും നിന്നില്ല. ഞാനതിനെപ്പറ്റി ഇനി ചിന്തിക്കുന്നേയില്ല. എനിക്ക് വലിയ മാനസിക പ്രയാസമായി ഈ സംഭവങ്ങള്‍.”

എന്നാല്‍, മോഹന്‍ലാലിനൊപ്പെ അഭിനിയിക്കില്ലെന്ന് മമ്മൂട്ടി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന രഞ്ജി പണിക്കര്‍ വ്യക്തമാക്കി. സംവിധായകന്‍ രഞ്ജിത്തുമൊത്താണ് രഞ്ജി പണിക്കര്‍ തിരക്കഥ രചിക്കുന്നത്. താനും രഞ്ജിത്തുമാണ് ഇത്തരമൊരു കാര്യം വിഭാവനം ചെയ്തതെന്നും യാദൃശ്ചികമായി ഒരിക്കല്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നതായും എന്നാല്‍ മോഹന്‍ലാലിനൊപ്പം തിരശ്ശീല പങ്കിടാനില്ലെന്ന് മമ്മൂട്ടി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാന വിശദീകരണവുമായി ഷാജി കൈലാസും രംഗതെത്തി. തങ്ങള്‍ മുന്നോട്ടുവച്ച ചിത്രത്തില്‍ പങ്കാളിയാകാനുള്ള അസൗകര്യം മാത്രമാണ് മമ്മൂട്ടി പ്രകടമാക്കിയതെന്നും മോഹന്‍ലാലിനൊപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ ഷാജി ആശയവിനിമയത്തിലെ ഒരു ചെറിയ പാളിച്ചയാണ് ഇത്തരമൊരു വാര്‍ത്തക്ക് അടിസ്ഥാനമെന്നും പറഞ്ഞു.