തൊടുപുഴ: കുമളിയില്‍ മാതാപിതാക്കളുടെ ക്രൂരപീഢനത്തിന് ഇരയായി ഒടുവില്‍ ജീവിതത്തിലേക്ക് തിരച്ചെത്തിയ കൊച്ചുഷെഫീക്കിനെ കാണാന്‍ മാലയാളത്തിലെ മഹാനടന് എത്തി. വെല്ലൂരിലെ രണ്ടാംഘട്ട ചികിത്സ കഴിഞ്ഞ് തൊടുപുഴ അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഷഫീഖിനെ കാണാന്‍ ബുധനാഴ്ച രാവിലെ പത്തോടെ മമ്മൂട്ടി എത്തി. ‘ഇതാരാണെന്ന് നോക്കിക്കേ, സിനിമയില്‍ കാണുന്ന നിന്റെ വല്യേട്ടനാ…’ വളര്‍ത്തമ്മ രാഗിണി പറഞ്ഞപ്പോള്‍ ഷഫീഖ് സന്ദര്‍ശകന്റെ മുഖത്തേക്ക് നോക്കി. ആളെ തിരിച്ചറിഞ്ഞപ്പോള്‍ നിറഞ്ഞ പുഞ്ചിരി. നിഷ്കളങ്ക പുഞ്ചിരി കണ്ടതോടെ മമ്മൂട്ടി പിതൃവാത്സല്യ ഭാവത്തോടെ ഷഫീഖിന്റെ കരം ഗ്രഹിച്ച് അരികിലിരുന്നു. ‘എന്താ മോന്റെ പേര്’ എന്ന് ചോദിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. പിന്നീട് കൈയില്‍ കരുതിയ സമ്മാനപ്പൊതികള്‍ ഓരോന്നായി സമ്മാനിച്ചതോടെ കുഞ്ഞുകണ്ണുകള്‍ വിടര്‍ന്നു.
നിമിഷങ്ങള്‍ക്കുള്ളില്‍ ഷഫീഖ് താരവുമായി ചങ്ങാത്തത്തിലായത് ഡോക്ടര്‍മാരടക്കമുള്ളവരെ അദ്ഭുതപ്പെടുത്തി. വളര്‍ത്തമ്മ രാഗിണി നിര്‍ബന്ധിക്കേണ്ട താമസം കട്ടിലില്‍ കിടന്നു കൊണ്ട് തന്നെ കൈകള്‍ താഴോട്ട് കുത്തി മമ്മൂട്ടിയുടെ മാനറിസം അനുകരിച്ച് ഷഫീഖ് അഭിനയ പ്രതിഭയെ കൈയിലെടുത്തു. ഇത് കണ്ടതോടെ മമ്മൂട്ടിക്ക് ചിരിപൊട്ടി. അവന്റെ നെറുകയില്‍ വാത്സ്യല്യത്തോടെയുള്ള ചുംബനമായിരുന്നു പ്രതിഫലം. ഒപ്പം ‘മിമിക്രി നന്നായിട്ടുണ്ട്’ എന്ന സര്‍ട്ടിഫിക്കറ്റും.
ഭാവിയിലേക്കുള്ള കരുതലായി പണമടങ്ങിയ ഒരു കവര്‍ ഷഫീഖിനായി മമ്മൂട്ടി നല്കി. താരപരിവേഷങ്ങളൊന്നുമില്ലാതെ എത്തിയ മമ്മൂട്ടി 20 മിനിറ്റോളം ചെലവിട്ടു. പെറ്റമ്മയെപ്പോലെ കുഞ്ഞിനെ പരിചരിക്കുന്ന രാഗിണിയെ അഭിനന്ദിക്കാനും മമ്മൂട്ടി മറന്നില്ല. ‘ഉട്ടോപ്യയിലെ രാജാവ്’ ചിത്രത്തിന്റെ ലൊക്കോഷനില്‍ നിന്നാണ് മമ്മൂട്ടി എത്തിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ ഹസീബ് അനീഫ്, എ. കബീര്‍, സഞ്ജു വൈക്കം, നൗഷാദ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.