മോഹന്‍ലാല്‍ സംവിധാനത്തിന് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്;ആശംസകളുമായി മമ്മൂക്ക

മലയാള സിനിമയില്‍ നടന്‍മാരില്‍ നിന്നും സംവിധായകരായി പിറവിയെടുത്തത് നിരവധി പേരാണ്. ഏറ്റവും ഒടുവിലായി പൃഥിരാജാണ് മലയാളത്തില്‍ സംവിധായകനായി എത്തിയത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ സംവിധായകന്റെ വേഷമണിയാന്‍ പോവുകയാണ്. ബറോസ് എന്നാണ് സിനിമയുടെ പേര്. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് സിനിമയുടെ പൂജ നടന്നത്. സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും നിരവധി പേരാണ് ചടങ്ങില്‍ സന്നിഹിതരായത്. നടന്‍ മമ്മൂട്ടി മോഹന്‍ലാലിന്റെ സിനിമയ്ക്ക് ആശംകള്‍ അര്‍പ്പിച്ച് സംസാരിച്ചത് ഇങ്ങനെയാണ്.

നമ്മള്‍ എല്ലാവരും ഒരു വലിയ സംരഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. മലയാള സിനിമയില്‍ ഒരുപാട് നടന്‍മാര്‍ സംവിധായകര്‍ ആയിട്ടുണ്ട്. പക്ഷേ മറ്റ് ഭാഷകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ നമ്മളുടെ എണ്ണം കുറവാണ്. ഏറ്റവും അവസാനം വന്നത് പൃഥ്വിരാജാണ്. ഇപ്പോ അരയും തലയും മുറുക്കി മോഹന്‍ലാലും ഇറങ്ങിയിരിക്കുകയാണ് സംവിധാനത്തിന്. എന്തായാലും അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ സിനിമ അനുഭവം ഈ സിനിമയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും എന്ന് തന്നെയാണ് നമ്മള്‍ കരുതുന്നത്. 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു. സിനിമയുടെ വളര്‍ച്ചയും തകര്‍ച്ചയും കണ്ടും കേട്ടുമെല്ലാമാണ് ഞങ്ങള്‍ ഈ 40 വര്‍ഷം സഞ്ചരിച്ചത്.

Loading...

ഞങ്ങള്‍ ഒപ്പം അല്ലെങ്കില്‍ ഞങ്ങള്‍ സിനിമയോടൊപ്പമാണ് വളര്‍ന്നത്. മലയാള സിനിമ വളര്‍ന്ന് രാജ്യാന്തരങ്ങളും ലോകാന്തരങ്ങളുമൊക്കെ കടന്ന് ഇപ്പോള്‍ ബറോസില്‍ എത്തി നില്‍ക്കുകയാണ്. ഈ നിമിഷം ഒരു പക്ഷെ മലയാളികള്‍ക്ക് എന്നും അഭിമാനിക്കാനും ആഹ്ളാദിക്കാനും സാധിക്കുന്ന സുന്ദര നിമിഷമാണ്.ഇത് നമ്മുടെ എല്ലാം പ്രിയങ്കരനായ മോഹന്‍ലാല്‍ സംവിധായകനായി എന്നതിന് അപ്പുറത്തേക്ക്, അദ്ദേഹം സംവിധാനം ചെയ്യാന്‍ പോകുന്നത് ഒരു രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണ്. ഇത് മലയാളി പ്രേക്ഷകര്‍ക്ക് മാത്രം ഉദ്ദേശിച്ചിട്ടുള്ള സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാവരിലേക്കും ഒരു പോലെ എത്തിച്ചേരുന്ന ഒരു കലാസൃഷ്ടിയായി ബറോസ് മാറും എന്ന് തന്നെയാണ് നമ്മള്‍ എല്ലാവരും പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സിനിമയുടെ തുടക്കത്തിന് ഭാഗമാകാന്‍ ഇവിടെ എത്തിച്ചേരാന്‍ സാധ്യമായത് തന്നെ ഭാഗ്യമായി ഞാന്‍ കാണുന്നു.