അനുശോചനക്കുറിപ്പില്‍ മാത്രം ഒതുക്കിയില്ല! അപകടത്തില്‍ മരണപ്പെട്ട ഹര്‍ഷാദിന്റെ സഹോദരന്റെ മുഴുവന്‍ പഠനച്ചിലവും മമ്മൂട്ടി ഏറ്റെടുത്തു; മമ്മൂക്കയോടുള്ള ആദരവറിയിച്ച് നടന്‍ സിദ്ദിഖ്

വാഹനാകടത്തില്‍ മരണപ്പെട്ട ആരാധകന്റെ സഹോദരന്റെ മുഴുവന്‍ പഠന ചിലവും ഏറ്റെടുത്ത് മമ്മൂട്ടി. ബൈക്ക് അപകടത്തില്‍ മരണപ്പെട്ട ഹര്‍ഷാദ് പി കെ എന്ന ചെറുപ്പക്കാരന്റെ അനിയന്റെ പഠനച്ചിലവാണ് മമ്മൂട്ടി ഏറ്റെടുത്തത്. കഴിഞ്ഞ ദിവസമാണ് ഹര്‍ഷാദ് അപകടത്തില്‍ പെട്ട് മരണമടഞ്ഞത്.

ഹര്‍ഷാദിന്റെ അനിയന്റെ പഠനച്ചിലവ് മമ്മൂട്ടി ഏറ്റെടുത്ത കാര്യം നടന്‍ സിദ്ദിഖ് ഫേസ്ബുക്കിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വലിയ മനസുള്ള നമ്മുടെ സ്വന്തം മമ്മൂക്കയെന്നാണ് സിദ്ദിഖ് പറഞ്ഞത്. നേരത്തേ ഹര്‍ഷാദ് മരണമടഞ്ഞപ്പോള്‍ ഞെട്ടല്‍ രേഖപ്പെടുത്തി മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും യുവാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

‘ഹര്‍ഷാദിന്റെ വേര്‍പാടില്‍ അതീവ ദു:ഖമുണ്ട്. ഞാന്‍ എപ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹവും ഓണ്‍ലൈന്‍ പിന്തുണയും എല്ലാം കാണാറുണ്ട്. അദ്ദേഹം സ്‌നേഹമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. ഹര്‍ഷാദിന്റെ ആകസ്മിക വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്നു.’ എന്നായിരുന്നു ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിശ്വസിക്കാനാകുന്നില്ല ഹര്‍ഷാദിന്റെ മരണവാര്‍ത്തയെന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.