ആരോഗ്യ പ്രവര്‍ത്തകരെന്ന വ്യാജേന വനിതകളെ വിട്ട് ഭാര്യയുടെ കാമുകനെ അപായപ്പെടുത്താന്‍ ശ്രമം, യുവാവ് പിടിയില്‍

ഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരെന്ന വ്യാജേന വനിതകളെ വിട്ട് ഭാര്യയുടെ കാമുകനെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ യുവാവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പ്രദീപ് എന്ന 42 കാരനാണ് പിടിയിലായത്. ഹോംഗാര്‍ഡുമായി ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയമായിരുന്നു പ്രദീപിന്.

തുടര്‍ന്ന് ഹോംഗാര്‍ഡിനെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ രണ്ട് വനിതകളെ പ്രദീപ് നിയോഗിക്കുകയായിരുന്നു. കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തി സ്ത്രീകള്‍ ഹോംഗാര്‍ഡിന്റെ വടക്കന്‍ ഡല്‍ഹിയിലെ വീട്ടിലെത്തി. ശേഷം കോവിഡ് പ്രതിരോധ മരുന്നാണെന്ന് പറഞ്ഞ് വിഷം കലര്‍ത്തിയ പാനീയം അവര്‍ക്ക് നല്‍കുകയായിരുന്നു.

Loading...

പാനീയം കുടിച്ച ഹോംഗാര്‍ഡും മൂന്ന് കുടുംബാംഗങ്ങള്‍ക്കും അവശതയനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകള്‍ പിടിയിലായത്. ചോദ്യംചെയ്യലില്‍ സ്ത്രീകള്‍ തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയെ പറ്റി തുറന്നുപറഞ്ഞു. തൊട്ടുപിന്നാലെ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആശുപത്രിയിലായവര്‍ സുഖം പ്രാപിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.