താജ്മഹലിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; യുവാവ് അറസ്റ്റില്‍

താജ്മഹലില്‍ വ്യാജബോംബ് ഭീഷണിസന്ദേശം അയച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയോടെയാണ് ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്ന് ബോംബ് വെച്ചതായി ഫോണ്‍ സന്ദേശം എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌ഫോടന സ്വഭാവമുള്ള ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആഗ്രയുടെ സുരക്ഷാ ചുമതലയുള്ള എസ്പി ശിവ് റാം യാദവ് വ്യക്തമാക്കി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് നിന്ന് ആളുകളെ നീക്കിയിരുന്നു.

പരിശോധനക്ക് ശേഷം താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്ന് നല്‍കി. അതേ സമയം കൂടുതല്‍ സുരക്ഷാ സേനയും ഡോഗ് സ്‌ക്വാഡും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.ഫിറോസ്ബാദ് സ്വദേശിയെയാണ് യു.പി. പോലീസ് പിടികൂടിയത്. പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ മാനസികരോഗിയാണെന്ന് അവകാശപ്പെട്ടതായും ആഗ്രയില്‍ നേരത്തെ ചികിത്സ തേടിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഇയാളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Loading...