തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ വനിതാപൈലറ്റിനോട് ലൈംഗിക ചുവയോടെ പെരുമാറിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ വനിതാപൈലറ്റിനോട് ലൈംഗിക ചുവയോടെ പെരുമാറിയ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണനാണ് പോലീസ് പിടിയിലായത്. തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള കാര്‍ ഓടിച്ച ഡ്രൈവറാണ് അപമാനിച്ചതെന്ന് പൈലറ്റിന്റെ പരാതിയില്‍ നിന്നും വ്യക്തമായിരുന്നു.

ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ സഹ പൈലറ്റായ 26കാരി ഹോട്ടലിലേക്ക് പോകാനായി അറൈവല്‍ ഭാഗത്ത് വാഹനം കാത്ത് നില്‍ക്കുമ്‌ബോഴായിരുന്നു കാര്‍ ഡ്രൈവറുടെ അതിക്രമം. കെ.എല്‍ 01 എ.എസ് 9909 എന്ന കാറിലെത്തിയ ഡ്രൈവര്‍ അടുത്തെത്തി ഇംഗ്‌ളീഷില്‍ അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു.

ആദ്യം ഇമെയില്‍ വഴി പരാതി അയച്ച പൈലറ്റ് ഇന്ന് പൊലീസിന്റെ നിര്‍ദ്ദേശാനുസരണം ഉച്ചയോടെ എയര്‍ ഇന്ത്യ അധികൃതര്‍ക്കൊപ്പമെത്തി വലിയതുറ സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. പൈലറ്റിനെ ഇയാള്‍ അപമാനിക്കുന്ന ദൃശ്യങ്ങള്‍ എയര്‍പോര്‍ട്ടിലെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു.